പാലക്കാട്: കൊള്ളപലിശക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് അമ്മയും രണ്ടു മക്കളും ആത്മഹത്യ ചെയ്തു. കുഴല്‍മന്ദം കോട്ടായി വറോഡ് ഗോകുലംവീട്ടില്‍ പരേതനായ ഗോപാലന്‍നായരുടെ ഭാര്യ മാധവിക്കുട്ടിയമ്മ(80), മക്കളായ ഇരട്ടകള്‍ വിനോദ്(38), പ്രമോദ്(38) എന്നിവരാണ് ഫ്യൂറഡാന്‍ കീടനാശിനി കഴിച്ച് ആത്മഹത്യചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടുകൂടിയാണ് സംഭവം. തൊട്ടുത്ത കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായ പ്രമോദ് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചശേഷമാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്.
വിനോദ് വീടിനടുത്തുതന്നെ പെട്ടിക്കട നടത്തുന്നയാളാണ്. അല്‍പ്പം കൃഷിയും ഇവര്‍ക്കുണ്ട്. അയല്‍വാസിയായ ഒരു കൊള്ളപ്പലിശക്കാരനില്‍ നിന്നും ഒരു ലക്ഷം രൂപയോളം കടം വാങ്ങിയിരുന്നു. പലിശയിനത്തില്‍ മാത്രം ലക്ഷക്കണക്കിന് രൂപ അടച്ചുതീര്‍ത്തു. എന്നിട്ടും മുഴുവനായില്ലെന്ന പേരില്‍ ഒരാഴ്ച മുമ്പ കൊള്ളപ്പലിശക്കാരന്‍ ഇവരുടെ വീട്ടിലെത്തി വീട് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീഴ്ചവരുത്തിയാല്‍ ജീവിക്കകാനുവദിക്കില്ലെന്നും പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഇതാണ് കൂട്ട ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.








