തിരുവനന്തപുരം: സംസ്‌ഥാനത്തെ ടൂറിസം വ്യവസായത്തെ പുതിയ മദ്യനയം പ്രതികൂലമായി ബാധിക്കുമെന്നു ടൂറിസം വ്യവസായികള്‍. നയവുമായി ബന്ധപ്പെട്ടു കോടതിയിലുള്ള കേസില്‍ കക്ഷിചേരണമെന്ന ആവശ്യം കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയില്‍ ഉയര്‍ന്നിട്ടുണ്ടെന്നു പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം നാടിന്റെ ആവശ്യമാണ്. ടൂറിസ്‌റ്റുകള്‍ ഇവിടെ മദ്യപിക്കാനല്ല വരുന്നത് എന്നതു ശരിയാണ്. എന്നാല്‍, അവര്‍ അവധി ആഘോഷിക്കാനാണ് എത്തുന്നത്. അവര്‍ക്കു വിശ്രമിക്കാനും ആസ്വദിക്കാനും അവസരമുണ്ടാകണം. ഇക്കാര്യം സംസ്‌ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ടൂറിസം നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ടൂറിസം മേഖലയിലുള്ളവരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. കേരളത്തില്‍ സഞ്ചാരികള്‍ വരുന്നതു മദ്യപിക്കാന്‍ വേണ്ടിയാണെന്ന പ്രചാരണം ശരിയല്ല. ടൂറിസ്‌റ്റുകളെ ഉപയോഗിച്ചു മദ്യനയത്തെ അട്ടിമറിക്കാനുള്ള ശ്രമവുമില്ല. സര്‍ക്കാരിന്റെ നയവുമായി ശക്‌തമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഈ നയം മൂലം രാജ്യത്തെ വിനോദസഞ്ചാരമേഖലയ്‌ക്കു തിരിച്ചടിയുണ്ടാകുമോയെന്ന സംശയം വ്യാപകമാണെന്നു പ്രമുഖ ടൂറിസം വ്യവസായി ഇ.എം. നജീബ് പറഞ്ഞു. നയം വന്നശേഷം ചേര്‍ന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റ്‌ഴ്‌സിന്റെ യോഗത്തില്‍ അത്തരമൊരു ചര്‍ച്ചയാണ് ഉയര്‍ന്നുവന്നത്. ഇന്ത്യയില്‍ കേരളമാണ് ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രം.
പുതിയ മദ്യനയം വരുന്നതോടെ അത് ഏറ്റവും അവസാനത്തതാകുമെന്നു മാത്രമല്ല, തങ്ങളെ ഏറ്റവും ആകര്‍ഷിക്കുന്ന നാട്ടില്‍ പോകാന്‍ കഴിയാത്തതുകൊണ്ട് ഇന്ത്യതന്നെ പലരും ഉപേക്ഷിക്കുമെന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പതുവര്‍ഷം കൊണ്ടു സര്‍ക്കാരുകളും സ്വകാര്യ വ്യക്‌തികളും ചേര്‍ന്നാണു ടൂറിസത്തെ ഇത്രയും വലിയ വ്യവസായമാക്കി വളര്‍ത്തിയത്. 25 ലക്ഷം കോടിയുടെ ബിസിനസാണു പ്രതിവര്‍ഷം ഈ മേഖലയില്‍ നടക്കുന്നത്. 16 ലക്ഷം പേര്‍ക്കു പ്രത്യക്ഷമായും 11 ലക്ഷത്തിലേറെ പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്നതായും നജീബ് പറഞ്ഞു.







