Home » » അങ്ങനെ കുടിവെള്ളക്കരവും വർധിക്കാൻ പോകുന്നു .

അങ്ങനെ കുടിവെള്ളക്കരവും വർധിക്കാൻ പോകുന്നു .

Written By Unknown on Tuesday, 16 September 2014 | 17:42

തിരുവനന്തപുരം ഒരുവര്‍ഷമായി വാട്ടര്‍ അഥോറിട്ടി ആവശ്യപ്പെടുന്ന കുടിവെള്ളക്കരം വര്‍ധന ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നേക്കും. 2008ലാണ്‌ കുടിവെള്ളക്കരം അവസാനമായി വര്‍ധിപ്പിച്ചത്‌. അഥോറിറ്റിയുടെ നിര്‍ദേശം അതേപടി അംഗീകരിക്കുകയാണെങ്കില്‍ ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക്‌ വെള്ളക്കരം ഇരട്ടിയാകും.
 
ഗാര്‍ഹിക ഉപഭോക്‌താക്കള്‍ ഒരു കിലോലിറ്റര്‍ വെള്ളത്തിന്‌ നല്‍കിയിരുന്ന നാലുരൂപ എട്ടാക്കാനാണ്‌ നിര്‍ദേശം. ജല അഥോറിറ്റി നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രതിവിധിയായാണു വര്‍ധന ശിപാര്‍ശചെയ്‌തിരിക്കുന്നത്‌. നിലവില്‍ അഞ്ചു കിലോ ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്ക്‌ ഒരു കിലോ ലിറ്റര്‍ വെള്ളത്തിന്‌ നാലു രൂപയും മിനിമം 20 രൂപയുമാണ്‌ വെള്ളക്കരം. ഇതു കിലോ ലിറ്ററിന്‌ എട്ടുരൂപയായി ഉയര്‍ത്തണമെന്ന്‌ അഥോറിറ്റി ശിപാര്‍ശ ചെയ്യുന്നതിനോടൊപ്പം മിനിമം ചാര്‍ജ്‌ എടുത്തുകളഞ്ഞിട്ടുമുണ്ട്‌. അഞ്ചുമുതല്‍ പത്തു കിലോലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ 40 രൂപയും അഞ്ചിന്‌ മുകളിലുള്ള ഉപഭോഗത്തിനു പത്തുരൂപയും വച്ചു നല്‍കണം. ഇതുപോലെ 20നും 30 നും ഇടയില്‍ ആണ്‌ ഉപഭോഗമെങ്കില്‍ കിലോലിറ്ററിന്‌ 16ഉം 30നും 40നും ഇടയ്‌ക്കാണെങ്കില്‍ 20 രൂപയും 40നും 50നും ഇടയ്‌ക്കാണെങ്കില്‍ 25 രൂപയുമാണ്‌ കിലോ ലിറ്ററിന്‌ ഇടാക്കുക. ഇവയുടെ മിനിമത്തിലും വര്‍ധന ശിപാര്‍ശ ചെയ്യുന്നു. ഇത്തരത്തില്‍ 50 കിലോലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക്‌ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നതിന്റെ ഇരട്ടിയാകും കുടിവെള്ളക്കരം. നിലവില്‍ 50 കിലോ ലിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ മിനിമം ചാര്‍ജ്‌ 390 രൂപയും അധികംവരുന്ന ഓരോ കിലോലിറ്ററിന്‌ 25 രൂപയുമാണ്‌ ഈടാക്കുന്നത്‌. ഇത്‌ മിനിമം 820 രൂപയും കിലോലിറ്ററിന്‌ 50 രൂപയുമാക്കാനാണ്‌ നിര്‍ദ്ദേശം.
 
ഗാര്‍ഹികേതര ഉപഭോഗത്തിനുള്ള വെള്ളക്കര വര്‍ധനയ്‌ക്കും നിര്‍ദേശമുണ്ട്‌. താരിഫ്‌ പുതുക്കുന്നതിലൂടെ ഗാര്‍ഹിക ഉപഭോക്‌താക്കളില്‍ നിന്നു 322,21,54,782 രൂപയും ഗാര്‍ഹികേതര ഉപഭോക്‌താക്കളില്‍ നിന്ന്‌ 156,51,18,910 രൂപയും വ്യാവസായിക ഉപഭോക്‌താക്കളില്‍ നിന്ന്‌ 10,64,64,633 രൂപയും കണ്ടെത്താനുള്ള നിര്‍ദേശമാണ്‌ അഥോറിറ്റി തയാറാക്കിയിട്ടുള്ളത്‌. ഇതിലൂടെ ഗാര്‍ഹിക ഉപഭോക്‌താക്കളില്‍ നിന്നും 189,22,80,049 രൂപയും ഗാര്‍ഹികേതര ഉപഭോക്‌താക്കളില്‍ നിന്നും 75,28,91,450 രൂപയും വ്യാവസായിക ഉപഭോക്‌താക്കളില്‍ നിന്ന്‌ 4,30,92,828 രൂപയും അധികമായി കണ്ടെത്താനാണ്‌ ശ്രമം. ഈ താരിഫ്‌ നടപ്പിലാക്കിയാല്‍ 268,82,64,326 രൂപ അധികം കണ്ടെത്താന്‍ കഴിയുമെന്നാണ്‌ അഥോറിറ്റിയുടെ അവകാശവാദം.
 
ഈ നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതില്‍ ചെറിയ മാറ്റങ്ങള്‍ ഇടയ്‌ക്ക്‌ അഥോറിറ്റി നടത്തിയിരുന്നു. അതും കൂടി പരിശോധിച്ചായിരിക്കും മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.