കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരേ ദേശവിരുദ്ധ നിയമം (യു.എ.പി.എ) ചുമത്തിയതു പരിശോധിക്കുമെന്നു നിയമമന്ത്രി കെ.എം.മാണി പറഞ്ഞു. പാലയാട് ലീഗല്‍ സ്‌റ്റഡീസിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്തരം നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അവ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ ഇപ്പോഴും പിന്‍തുടരുകയാണ്. പല നിയമങ്ങളും കാലഹരണപ്പെട്ടതാണ്. ഇവ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണം. കേസ് നടത്തിപ്പു രീതിയിലും മാറ്റം വരേണ്ടതുണ്ടെന്നും മാണി പറഞ്ഞു.
വൈസ് ചാന്‍സലര്‍ എം.കെ. അബ്‌ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കോടിയേരി ബാലകൃഷ്‌ണന്‍ എം.എല്‍.എ., കെ.കെ. നാരായണന്‍, പി.എം. പ്രഭാകരന്‍, കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കതിരൂര്‍ കേസില്‍ യു.എ.പി.എ. നിയമം ചുമത്തിയതിനെ മുസ്ലീംലീഗ് അനുകൂലിച്ചിരുന്നു. ഈ നിയമത്തിനെതിരേ സി.പി.എമ്മില്‍ നിന്നു വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നിയമം ചുമത്തിയതിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ന്യായീകരിച്ചിരുന്നു. മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്കെതിരേ ഈ നിയമം ചുമത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തല ഇതിനു ന്യായീകരണമായി പറഞ്ഞത്.








