മാവേലിക്കര: ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് ലഭിച്ചില്ല. ബാങ്കില്‍ പണമില്ലെന്ന കാരണം പറഞ്ഞാണു ബോണസ് നിരസിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് നാലുമണിയോടെയാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ബോണസിന്റെ ചെക്ക് നല്‍കിയത്. അഞ്ചുമണിക്ക് മുമ്പ് ഇതുമായി ബാങ്കിലെത്തിയ ജീവനക്കാര്‍ക്ക് പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ചെക്ക് മാറാന്‍ ചൊവ്വാഴ്‌ച വരെ കാത്തിരിക്കേണ്ട സ്‌ഥിതിയായി. 39,000 രൂപ മുതല്‍ 65,000 രൂപ വരെയാണ് ഇത്തവണ കോര്‍പ്പറേഷനില്‍ ബോണസ് അനുവദിച്ചത്. കോര്‍പ്പറേഷന്റേതായി ബാങ്കിലുണ്ടായിരുന്ന പണം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളവും ബോണസുമായും നല്‍കിയതിനെത്തുടര്‍ന്നാണ് പണം ഇല്ലാതായതെന്നാണ് അധികൃതരുടെ വാദം.
ബോണസായി നല്‍കിയ ചെക്ക് വണ്ടിചെക്കായതോടെ ജീവനക്കാര്‍ക്ക് ഓണമാഘോഷിക്കാന്‍ പറ്റാത്ത സ്‌ഥിതിയിലായി. തിരുവോണം ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ അവധിയെടുക്കാതെ ജോലി ചെയ്യുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കാത്തതില്‍ ജീവനക്കാരില്‍ പ്രതിഷേധം ശക്‌തമാണ്. ഉന്നതങ്ങളില്‍ ഇരിക്കുന്നവര്‍ കൃത്യമായി ശമ്പളവും ബോണസും വാങ്ങുകയും സാധാരണ ജീവനക്കാര്‍ക്ക് വണ്ടിച്ചെക്ക് നല്‍കുകയും ചെയ്‌തതില്‍ പ്രതിഷേധവുമായി യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.








