Home » » ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സിബിഐയ്ക്ക്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സിബിഐയ്ക്ക്.

Written By Unknown on Saturday, 6 September 2014 | 02:29

തിരുവനന്തപുരം: കണ്ണൂര്‍ കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കന്നതുവരെ നിലവിലെ സംഘം അന്വേഷണം തുടരും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ബിജെപി നേതാക്കാള്‍ മുഖ്യമന്ത്രിക്കും തനിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഡിജിപിയുടെ വിശദീകരണം തേടി. ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കേസില്‍ എന്‍ഐഎ ആക്ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പോലീസ് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും സര്‍ക്കാര്‍ കേന്ദ്രത്തില്‍ അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേസിലെ പ്രതികളെന്നു സംശയിക്കുന്നവര്‍ക്ക് സംസ്ഥാനത്തിനു പുറത്തും വിദേശത്തും ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകത്തിലെ ഗൂഡാലോചന സാധ്യത തള്ളിക്കളയാനാവില്ല, കൊലപാതകം കണ്ണൂരിലും മറ്റിടങ്ങളിലും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നീ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു.

ടി.പി ചന്ദ്രശേഖരന്റെ വധത്തിനു ശേഷം ഏറ്റവും നിഷ്ഠൂരമായ കൊലപാതകമാണ് മനോജിന്റെത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വെട്ടി വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കണ്ണൂരില്‍ ഇതിനു മുന്‍പും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ആര്‍.എസ്.എസും ബി.ജെ.പിക്കാരും കൊലപാതകം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ക്രൂരമായ സംഭവം ഇതാദ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന്റെ ഫലമായല്ല സിബിഐ അന്വേഷണം. ടി.പി കേസില്‍ രമയുടെ നിരാഹാര സമരം കൊണ്ടല്ല സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. രമ നിവേദനം നല്‍കിയിരുന്നു. സിബിഐ അന്വേഷണം അനിവാര്യമാണെന്ന് കണ്ടതുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.