കൊല്ലം : മാവോയിസ്‌റ്റ് നേതാവിന്റെ അഭിമുഖ സിഡിയുടെ ഉറവിടം തേടി അന്വേഷണ ഏജന്‍സികള്‍. ഇന്നലെയാണ് സിപിഐ മാവോയിസ്‌റ്റ് സംഘടനയുടെ നേതാവായ രൂപേഷിന്റെ അഭിമുഖ വീഡിയോ പുറത്തുവിട്ടത്. കേരള, കര്‍ണ്ണാടക പോലീസ് നാളുകളായി അന്വേഷിച്ചുവരുന്ന മാവോയിസ്‌റ്റ് നേതാവാണ് ഇയാള്‍.
ജനകീയ പിന്തുണയോടെ സംസ്‌ഥാനത്ത് സായുധ വിപ്ലവം നടത്തുമെന്നാണ് പുറത്തുവിട്ട അഭിമുഖത്തില്‍ രൂപേഷ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ അഭിമുഖ വീഡിയോയുടെ ഉറവിടത്തിനായാണ് ആഭ്യന്തര വിഭാഗമായ ഐഎന്‍എ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ജനമൈത്രി പോലീസ് സംവിധാനത്തിന്റെയും സ്‌റ്റുഡന്റ് കേഡറ്റ് സംവിധാനത്തിന്റെയും മറവില്‍ ജനങ്ങളെ നിരീക്ഷിച്ചുവരികയാണ്. അഭിമുഖ ദൃശ്യങ്ങളിലുള്ള സ്‌ഥലം തിരിച്ചറിയാനും ശ്രമം നടക്കുന്നുണ്ട്.
മധ്യവര്‍ഗത്തില്‍നിന്നും താഴേത്തട്ടില്‍നിന്നും നിരവധിപേര്‍ സി.പി.ഐ മാവോയിസ്‌റ്റിലേക്ക് എത്തിച്ചേരുന്നുണ്ടെന്നും ഐ.ടി രംഗത്തുള്ളവരും ബുദ്ധിജീവികളും പാര്‍ട്ടിയില്‍ അണി ചേരുന്നുണ്ടെന്നും രൂപേഷ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ തൊഴിലാളി പ്രസ്‌ഥാനമായി മാറാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നതെന്നും സി.പി.ഐ.എം.എല്‍. നക്‌സല്‍ബാരി പോലുള്ള സംഘടനകള്‍ സി.പി.ഐ മാവോവാദിയില്‍ ലയിച്ചത് പാര്‍ട്ടിയെ കരുത്തുറ്റതാക്കിയെന്നും രൂപേഷ് പറയുന്നു.








