തിരുവനന്തപുരം : കണ്ണൂരില്‍ ആര്‍എസ്‌എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. അതേസമയം, കേസില്‍ പി. ജയരാജന്റെ മകനെ പ്രതിചേര്‍ക്കണമെന്നും സിപിഎമ്മില്‍ നിന്നും അണികള്‍ ചോരുന്നതിലുള്ള പ്രതിഷേധമാണ് കൊലപാതകത്തിന് പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു.
ആര്‍.എസ്.എസ് നേതാവ് കിഴക്കെ കതിരൂര്‍ ഇളന്തോട്ടത്തില്‍ കെ. മനോജ് കുമാറി(42) നെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഒമിനി വാനില്‍ യാത്രചെയ്യുകയായിരുന്ന മനോജിന്റെ വാഹനത്തിനു നേര്‍ക്ക് ബോംബെറിഞ്ഞ് നിയന്ത്രണം തെറ്റിച്ചശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 15 വര്‍ഷം മുന്‍പ് തിരുവോണ നാളില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മുകാരാണെന്നാണ് ആര്‍എസ്‌എസ് - ബിജെപി നേതൃത്വം ആരോപിക്കുന്നത്.
മനോജ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ സംസ്‌ഥാനത്ത് പൂര്‍ണ്ണമാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചതും വാഹനങ്ങള്‍ ഓടിയതും സമരാനുകൂലികളെ പ്രകോപിപ്പിച്ചത് നേരിയ അക്രമസംഭവങ്ങള്‍ക്ക് ഇടയാക്കി.







