തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെച്ചൊല്ലി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും മൂര്‍ഛിക്കുന്നു. മദ്യനയത്തെ അട്ടിമറിക്കാന്‍ എക്‌സൈസ് വകുപ്പ് ശ്രമിക്കുന്നുവെന്ന ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ ആരോപണത്തിന് മിനുട്ടുകള്‍ക്കകമാണ് മറുപടിയുമായി മന്ത്രി കെ ബാബു രംഗത്തെത്തിയത്. മദ്യനയത്തില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മറിച്ച് വാദമുണ്ടെങ്കില്‍ പ്രതാപന് കോടതിയില്‍ ബോധിപ്പിക്കാമെന്നും മന്ത്രി കെ ബാബു പറഞ്ഞു.
മദ്യഉപഭോഗം സംബന്ധിച്ച് തെറ്റായ കണക്ക് സമര്‍പ്പിച്ച് ബിവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ ബാറുടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണെന്നും ടി.എന്‍ പ്രതാപന്‍ ആരോപിച്ചിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ ഒരു കണക്ക് പ്രസിദ്ധപ്പെടുത്തിയശേഷം ഹൈക്കോടതിയില്‍ മറ്റൊരു തരത്തിലുള്ള കണക്ക് നല്‍കിയതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
418 ബാറുകള്‍ പൂട്ടിയതോടെ ശേഷിച്ച ബാറുകള്‍ക്ക് മദ്യം നല്‍കിയ ഇനത്തിലെ വരുമാനം ഇരട്ടിയോളം വര്‍ധിച്ചെന്നാണ് ബിവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയും കൂടിയതായി സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ 3237.34 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് മദ്യവില്‍പ്പനശാലകള്‍ വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ വില്‍പ്പന 2720.69 കോടി രൂപയുടേതായിരുന്നുവെന്നും കോര്‍പറേഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പ് വിധി ബാറുടമകള്‍ക്ക് അനുകൂലമായി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിച്ചിരുന്നു. സുധീരന്റെ സമ്മര്‍ദ്ദ തന്ത്രത്തെ മറികടക്കാന്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ചരിത്ര പ്രഖ്യാപനം നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓരോ ചുവടും കരുതലോടെയായിരുന്നു. കേസ് അട്ടിമറിച്ചു എന്ന ആരോപണം ഒഴിവാക്കാന്‍ രാജ്യത്തെ പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെ തന്നെ സര്‍ക്കാരിന്റെ വാദത്തിനായി നിയോഗിച്ചു. സുപ്രിം കോടതിക്കൊപ്പം ഹൈക്കോടതിയിലും കപില്‍ സിബല്‍ തന്നെ ഹാജരായി. എന്നാല്‍ സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ വാദമുഖങ്ങള്‍ വിജയം കാണുന്ന അവസ്ഥയിലെത്തിയപ്പോഴാണ് 418 ബാറുകള്‍ അടച്ചുപൂട്ടിയിട്ടും സംസ്ഥാനത്തെ മദ്യഉപഭോഗത്തില്‍ വര്‍ധനവാണുണ്ടായതെന്ന് ബിവറേജസ് കോര്‍പറേഷന്റെ സത്യവാങ്മൂലം നല്‍കിയത്.
എക്‌സൈസ് വകുപ്പിന്റെ ഈ നീക്കത്തെ സുധീരന്‍ പക്ഷം സംശയദൃഷ്ടിയോടെയാണ് കാണുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കുറച്ചു കാണിച്ച മദ്യഉപഭോഗം കോടതിക്ക് മുന്നില്‍ പെരുപ്പിച്ച് കാണിച്ച്, ബാറുകള്‍ പൂട്ടിയത് കൊണ്ട് സംസ്ഥാനത്തെ മദ്യ ഉപഭോഗത്തില്‍ കുറവു വരില്ലെന്ന് വ്യക്തമാക്കാനാണ് എക്‌സൈസ് വകുപ്പ് ശ്രമിച്ചതെന്ന് ഇവര്‍ കരുതുന്നു. ഇത്രയധികം മദ്യഉപഭോഗമുള്ള സംസ്ഥാനത്ത് ബാറുകള്‍ പൂട്ടുന്നതും മദ്യനിരോധനവും ശ്രമകരമാണ് എന്ന സന്ദേശം കോടതിക്ക് നല്‍കാനാണ് എക്‌സൈസ് വകുപ്പിന്റെ സത്യവാങ്മൂലം ഉപകരിച്ചതെന്ന അമര്‍ഷം ടി.എന്‍ പ്രതാപനിലൂടെ പുറത്തുവരികയായിരുന്നു.








