Home » » ശിക്ഷയുടെ പകുതിയിലധികം കാലം ജയിലില്‍ കഴിഞ്ഞ വിചാരണത്തടവുകാരെ വിട്ടയയ്‌ക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌.

ശിക്ഷയുടെ പകുതിയിലധികം കാലം ജയിലില്‍ കഴിഞ്ഞ വിചാരണത്തടവുകാരെ വിട്ടയയ്‌ക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌.

Written By Unknown on Friday, 5 September 2014 | 19:57

ന്യൂഡല്‍ഹി: ചുമത്തപ്പെട്ട കുറ്റത്തിനു പരമാവധി കിട്ടാവുന്ന ശിക്ഷയുടെ പകുതിയിലധികം കാലം ജയിലില്‍ കഴിഞ്ഞ വിചാരണത്തടവുകാരെ വിട്ടയയ്‌ക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌. ഒക്‌ടോബര്‍ ഒന്നു മുതല്‍ ബന്ധപ്പെട്ട ജഡ്‌ജിമാര്‍ ജയിലുകള്‍ സന്ദര്‍ശിച്ച്‌ ഇത്തരത്തിലുള്ളവരുടെ കണക്കെടുക്കണമെന്നും ഇത്‌ ഹൈക്കോടതി വഴി സുപ്രീം കോടതിക്കു കൈമാറണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍.എം. ലോധ, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ ആര്‍.എഫ്‌. നരിമാന്‍ എന്നിവരുടെ ബെഞ്ച്‌ വ്യക്‌തമാക്കി. ഇതു സംബന്ധിച്ചു സംസ്‌ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്താന്‍ സമയം വേണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം ഉടനടി പ്രാബല്യത്തില്‍ വരണമെന്നു ജഡ്‌ജിമാര്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രമുഖ അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണു കോടതി വിധി.
രണ്ടരലക്ഷത്തോളം വിചാരണത്തടവുകാരാണു രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്‌. ഇതില്‍ 30,000 ത്തിലേറെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരുമാണ്‌. മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചും മറ്റുമായി ആയിരക്കണക്കിനു പേരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിട്ടുണ്ട്‌. നേരത്തെ ഇവരെ മോചിപ്പിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ഇതു നടപ്പിലായിരുന്നില്ല. ഈ സാഹചര്യത്തിലാണു സുപ്രീം കോടതിയുടെ ഇടപെടല്‍. എന്നാല്‍, വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്‌തവര്‍ക്ക്‌ ഇളവ്‌ ബാധകമല്ല. നിര്‍ധനരായവര്‍ക്കു ജാമ്യസംഖ്യ കെട്ടിവയ്‌ക്കാന്‍ പോലും കഴിയുന്നില്ലെന്നും ആ വിധത്തില്‍ ജയിലില്‍ കഴിയുന്നവരുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇവരെ സ്വന്തം ജാമ്യത്തിലൊ അല്ലാതെയൊ മോചിപ്പിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മജിസ്‌ട്രേറ്റ്‌, ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌, സെഷന്‍സ്‌ ജഡ്‌ജി എന്നിവരാണു ജയിലുകളിലെത്തി കണക്കെടുക്കേണ്ടത്‌. ഇതു രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം. വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയംവേണമെന്നു കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും പാവങ്ങളായ ഒട്ടേറെപ്പേര്‍ ജാമ്യം പോലും ലഭിക്കാതെ ജയിലുകളില്‍ കഴിയുന്നതിനു കോടതി തന്നെ സാക്ഷിയാണെന്നും പലരും അവര്‍ക്കു ലഭിക്കേണ്ട ശിക്ഷയിലധികം കാലം ജയിലില്‍ കഴിയുകയാണെന്നും ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ഇവരുടെ വിചാരണാ നടപടികള്‍ പലപ്പോഴും സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള കോടതി സംവിധാനത്തിലെ അസൗകര്യങ്ങള്‍ മൂലം സാധിക്കുന്നില്ല. അതിനാല്‍ തങ്ങളുടെ ഉത്തരവ്‌ എത്രയും വേഗം നടപ്പാക്കണമെന്നു കോടതി കര്‍ശനനിര്‍ദേശം നല്‍കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.