Home » » നികുതി വര്‍ധനയ്‌ക്കെതിരെ ഇടതു മുന്നണി നികുതി ബഹിഷ്‌ക്കരിച്ച്‌ സമരം ചെയ്യും.

നികുതി വര്‍ധനയ്‌ക്കെതിരെ ഇടതു മുന്നണി നികുതി ബഹിഷ്‌ക്കരിച്ച്‌ സമരം ചെയ്യും.

Written By Unknown on Sunday, 21 September 2014 | 08:58

തിരുവനന്തപുരം: നികുതി വര്‍ധനയ്‌ക്കെതിരെ ഇടതു മുന്നണി നികുതി ബഹിഷ്‌ക്കരിച്ച്‌ സമരം ചെയ്യും. ഇടത്‌ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചതാണ്‌ ഇക്കാര്യം. നികുതി വര്‍ധയ്‌ക്കെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഇടത്‌ മുന്നണി യോഗത്തിന്‌ ശേഷം നടത്തിയ പത്ര സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ്‌ തലം മുതലുള്ള സമര പരിപാടികളാണ്‌ എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.
നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന്‌ എല്‍.ഡി.എഫ്‌ ഗവര്‍ണറോട്‌ ആവശ്യപ്പെടും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഇടത്‌ മുന്നണി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച്‌ ഇക്കാര്യം ആവശ്യപ്പെടും. സെപ്‌റ്റംബര്‍ 29-30 തീയതികളില്‍ സംസ്‌ഥാനം ഒട്ടാകെ പ്രാദേശിക തലത്തില്‍ പ്രതിഷേധ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 8ന്‌ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ്‌ പടിക്കലും പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 11 മുതല്‍ 18 വരെ ഭവന സന്ദര്‍ശനം നടത്തി നികുതി വര്‍ദ്ധനവിനെതിരെ പ്രചരണം നടത്തും. ഒക്‌ടോബര്‍ 20 മുതല്‍ 30 വരെ വാര്‍ഡ്‌ തലത്തില്‍ നികുതിദായകരുടെ യോഗം വിളിച്ച്‌ നികുതി നിഷേധിക്കാന്‍ ആഹ്വാനം ചെയ്യും.
സര്‍ക്കാരിന്റെ പിടിപ്പുകേട്‌ കൊണ്ടാണ്‌ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്ന്‌ വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി. ജനജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നതും വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണ്‌ സര്‍ക്കാര്‍ നയങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കക്ഷി രാഷ്‌ട്രീയത്തിന്‌ അതീതമായ പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നികുതി നിഷേധ സമരം സി.പി.എം പ്രഖ്യാപിച്ചിരുന്നു.
ഇന്ന്‌ ചേര്‍ന്ന എല്‍.ഡി.എഫ്‌ യോഗത്തില്‍ നികുതി നിഷേധ സമരം ഇടത്‌ മുന്നണിയുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മദ്യനയം മൂലം വരുമാനം കുറഞ്ഞുവെന്ന പ്രചരണം തെറ്റാണെ്‌ വൈക്കം വിശ്വന്‍ പറഞ്ഞു. മദ്യത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുകയാണ്‌ ചെയ്‌തതെന്ന്‌ അദ്ദേഹം പറഞ്ഞു. നിയമസഭ കൂടാതെ അധിക നികുതി ഭാരം അടിച്ചേല്‍പ്പിച്ചതിനെതിരെയും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.