തിരുവനന്തപുരം: എം.ടിയേയും മണ്‍മറഞ്ഞ മാധവിക്കുട്ടിയേയും വിമര്‍ശിച്ച് ടി. പത്മനാഭന്‍ രംഗത്ത്. ഡി.വൈ.എഫ്.ഐ. മുഖപത്രമായ യുവധാരയ്‌ക്കു വേണ്ടി ഡി.വൈ.എഫ്.ഐ. സംസ്‌ഥാന സെക്രട്ടറി എം. സ്വരാജ് നടത്തിയ അഭിമുഖത്തിലാണ് പത്മനാഭന്‍ ഇരുവരെയും വിമര്‍ശിക്കുന്നത്. പച്ചയ്‌ക്ക് പറയുന്നു പത്മനാഭന്‍ എന്ന അഭിമുഖത്തില്‍ പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത് എം.ടിയെത്തന്നെയാണ്. എം.ടി. ജ്‌ഞാനപീഠം കാശു കൊടുത്തു വാങ്ങിയെന്നു സമര്‍ത്ഥിക്കാനാണ് പത്മനാഭന്റെ ശ്രമം. മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയതിന് പിന്നില്‍ നൊബേല്‍ സമ്മാനമോഹമായിരുന്നു എന്നും അഭിമുഖത്തില്‍ പത്മനാഭന്‍ പറയുന്നു.
എം.ടിയുടെ സൃഷ്‌ടികള്‍ പലതും അശ്ലീലമാണെന്നാണ് പത്മനാഭന്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം ഞാന്‍ എം. ടിയോട് തന്നെ പറഞ്ഞിട്ടുണ്ട്. അന്ന് എം. ടിക്ക് ജ്‌ഞാനപീഠമൊന്നും ലഭിച്ചിട്ടില്ല. ഞാന്‍ എം. ടിയെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് കണ്ടു അന്ന് സാഹിത്യ അക്കാദമിയായിട്ടില്ല. മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പായിട്ടില്ല. അപ്പോള്‍ നമുക്ക് പറയാമല്ലൊ. എടാ നിന്റെ കഥയൊക്കെ വായിക്കുന്നുണ്ട് എന്നെല്ലാം... ഡി.സി. ബുക്‌സിന്റെ വാര്‍ഷികത്തിന് കോട്ടയത്ത് വച്ച് തകഴി ശിവശങ്കരപിള്ള തന്നെയും എം. ടിയെയും, മാധവിക്കുട്ടിയെയും ഇരുത്തി ഇവരില്‍ താനാണ് ഒന്നാമന്‍ എന്ന് പറഞ്ഞതും പത്മനാഭന്‍ അഭിമുഖത്തില്‍ ചേര്‍ക്കുന്നുണ്ട്. അതിനു ശേഷമാണ് എം.ടി. തനിക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കാതെയായതും എന്ന് പത്മനാഭന്‍ പറയുന്നു.
വലിയ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടിയെന്നു പറയുന്നുണ്ടെങ്കിലും വരികള്‍ക്കിടയിലൂടെ പത്മനാഭന്‍ അവരെ വിമര്‍ശിക്കുന്നുമുണ്ട്. മാധവിക്കുട്ടിക്ക് ജ്‌ഞാനപീഠം കിട്ടിയില്ല. ഇന്ദിരാ ഗോസ്വാമിക്ക് കിട്ടി. അതിന്റെ വേദന അവര്‍ക്കു ചാകുന്നതുവരെയുണ്ടായിരുന്നു. മാധവിക്കുട്ടിയും ഞാനും തമ്മില്‍ വലിയ ലോഹ്യമായിരുന്നു. എന്നോടിതൊക്കെ പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടി മതം മാറിയതിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്. പ്രധാന കാരണം പുന്നയൂര്‍കുളത്തെ ആഢ്യന്‍ നായര്‍മാര്‍ക്ക് ഇവരോട് കുനുഷ്‌ടായിരുന്നു. ഇവരുടെ സൗന്ദര്യം, പ്രശസ്‌തി താന്‍പോരിമ, ഒരാളെയും വിലവയ്‌ക്കാത്ത ഭാവം. അതൊക്കെ അവറ്റകള്‍ക്കിഷ്‌ടമല്ല. എന്നാല്‍ കാണിച്ചു തരാമെന്നു മാധവിക്കുട്ടിയും. പിന്നെ മറ്റൊരു സ്വാര്‍ത്ഥത ഉണ്ടായിരുന്നു. മതം മാറുമ്പോള്‍ അറബ് ലോകത്ത് നൊബേല്‍ സമ്മാനം. നോബല്‍സമ്മാനം ഒരു ഈജിപ്‌ത്‌കാരനോ മറ്റോ ആണ് കിട്ടിയിട്ടുള്ളൂ. ഇവരുടെ കണ്ണ് നോബലിലേക്കായിരുന്നു. എല്ലാം പണമല്ലേ നിയന്ത്രിക്കുന്നത്. സൗദി രാജവംശത്തിന്റെ പിന്തുണയുണ്ടാകുമല്ലോ. അത് ചീറ്റിപ്പോയി. നൊബേല്‍ കിട്ടാനുള്ള യോഗ്യത മാധവിക്കുട്ടിക്കുണ്ട്. ഇതാണ് മതം മാറ്റത്തിന്റെ കാരണങ്ങള്‍. അല്ലാതെ ഇസ്ലാമും ക്രിസ്ലാമും ഒന്നുമില്ല. അവര്‍ക്ക് സൗന്ദര്യത്തെക്കുറിച്ചും നല്ല മതിപ്പുണ്ട്. ബലാത്സംഗം ചെയ്യാന്‍ വന്ന മറ്റൊരു പൊന്നാനിക്കാരനായ സാഹിത്യക്കാരനെക്കുറിച്ചും എന്നോട് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്.അയാളുടെ പേര് പറയാന്‍ പക്ഷെ പത്മനാഭന്‍ തയാറാകുന്നുമില്ല. എം.എന്‍. വിജയന്റെ മരണം, ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം എന്നീ സംഭവങ്ങളെത്തുടര്‍ന്ന് വെട്ടുവഴി കവിതകള്‍ രചിച്ചവരെ പത്മനാഭന്‍ അഭിമുഖത്തില്‍ കണക്കിനു വിമര്‍ശിക്കുന്നുണ്ട്.








