Home » » എം പിമാരുടേയും എം എല്‍ എമാരുടേയും പിടിവലി കാരണം എയിംസിനുള്ള സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനായില്ല.

എം പിമാരുടേയും എം എല്‍ എമാരുടേയും പിടിവലി കാരണം എയിംസിനുള്ള സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനായില്ല.

Written By Unknown on Sunday, 21 September 2014 | 20:08

തിരുവനന്തപുരം: കേരളത്തില്‍ എയിംസിന്റെ ആവശ്യമുണ്ടോ? ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കില്‍ അതെവിടെ വേണമെന്നു ചോദിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറും വിയര്‍ക്കും. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ തെരഞ്ഞെടുക്കപ്പെട്ട 20 സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലൊന്നായി ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കാനായി ഡോക്ടര്‍ ഹര്‍ഷവര്‍ധന്‍ എത്തിയപ്പോഴും ഇതു തന്നെയാണു സംഭവിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഡോക്ടര്‍ ഹര്‍ഷവര്‍ധന്‍ തന്നെയാണു കഴിഞ്ഞ ജൂണ്‍ 19-ന് എയിംസിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ടു കേരളത്തിനു കത്തെഴുതിയത്. എല്ലാ സ്ഥലങ്ങളുമുള്ള നാലു സ്ഥലങ്ങളുടെ നിര്‍ദേശങ്ങള്‍ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ബജറ്റിനു മുമ്പേ കൃത്യമായൊരു സ്ഥലം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനായില്ല.
എം പിമാരുടേയും എം എല്‍ എമാരുടേയും പിടിവലിയായിരുന്നു കാരണം. തിരുവവനന്തപുരം, എറണാകുളം, തൃശൂര്‍, കാസര്‍കോഡ് എന്നിങ്ങനെ ജനപ്രതിനിധികള്‍ ആവശ്യവുമായി രംഗത്തെത്തിയതോടെ എല്ലാവര്‍ക്കും തൃപ്തിയാകാന്‍ കുറഞ്ഞത് അരഡസന്‍ എയിംസെങ്കിലും കേരളത്തിനു കിട്ടണമെന്നതായി അവസ്ഥ. കേരളമടക്കം എട്ടു സംസ്ഥാനങ്ങള്‍ക്കാണു കേന്ദ്രം കത്തു നല്‍കിയിരുന്നത്. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളെല്ലാം ബജറ്റിനു മുമ്പു തന്നെ കേന്ദ്രത്തിനു നിര്‍ദേശം സമര്‍പ്പിക്കുകയും സ്വപ്‌നപദ്ധതിയില്‍നിന്നു കേരളം പുറത്താകുകയും ചെയ്തു. ബജറ്റിനേത്തുടര്‍ന്നു സംഭവം വിവാദമായതോടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇനിയും സമയമുണ്ടെന്നു പറഞ്ഞു തലയൂരാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഇതിനു പിന്നാലെ നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍, ഇതു വഴിപാടായി മാറുകയായിരുന്നു. എവിടെയാണ് എയിംസ് സ്ഥാപിക്കേണ്ടതെന്നു സംസ്ഥാനം ഊന്നിപ്പറഞ്ഞിട്ടില്ല. നാലു സ്ഥലങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങളുടെ നിര്‍ദേശങ്ങളാണു സംസ്ഥാനം സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, ഏതിനാണു പ്രഥമ പരിഗണന നല്‍കേണ്ടതെന്നു സംസ്ഥാനം ചൂണ്ടിക്കാട്ടിയിട്ടില്ല. ഇങ്ങനെയൊരു സ്ഥലം ചൂണ്ടിക്കാട്ടിയാല്‍ മാത്രമേ കേന്ദ്രത്തില്‍നിന്നു സ്ഥല പരിശോധനയ്‌ക്കെത്താന്‍ കഴിയൂവെന്നാണു ഡോക്ടര്‍ ഹര്‍ഷവര്‍ധന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.