Home » » കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചതിനു പിന്നാലെ സംസ്‌ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കൂട്ടി.

കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചതിനു പിന്നാലെ സംസ്‌ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കൂട്ടി.

Written By Unknown on Wednesday, 29 October 2014 | 17:24

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചതിനു പിന്നാലെ  സംസ്‌ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കൂട്ടി. പെട്രോളിന്റെ നികുതി 26.92 ശതമാനത്തില്‍നിന്ന്‌ 27.42 ശതമാനമായി വര്‍ധിപ്പിച്ചു. ഇതുകൂടാതെ, നിലവിലുള്ള ഒരു ശതമാനം സെസ്‌ തുടരും.
 
ഡീസലിന്‌ 19.80 ശതമാനമായിരുന്ന സംസ്‌ഥാനനികുതി 21.04 ശതമാനമായി ഉയര്‍ത്തി. ഡീസലിനും ഒരു ശതമാനം നിലവിലുള്ള സെസ്‌ തുടരും. രാത്രിയോടെ സംസ്‌ഥാനത്തെ പമ്പുടമകള്‍ക്ക്‌ ഇതുസംബന്ധിച്ച അറിയിപ്പ്‌ ലഭിച്ചു. രാത്രി മുതല്‍ നിരക്കു വര്‍ധന പ്രാബല്യത്തിലായി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ സംസ്‌ഥാനസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്‌.
 
സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതി താറുമാറായ സാഹചര്യത്തില്‍ ഏതുവിധേനയും ഖജനാവ്‌ നിറയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രണം എടുത്തുകളഞ്ഞതോടെ ഡീസലിന്റെ വില അടുത്തിടെ മൂന്നര രൂപയോളം കുറഞ്ഞിരുന്നു. എന്നാല്‍, ഇതിനനുസരിച്ചുള്ള നികുതിയിളവ്‌ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. അതിനു പിന്നാലെയാണ്‌ വീണ്ടും നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌.
 
നികുതി വര്‍ധനയില്‍ പെട്രോളിയം വിതരണ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വിലയില്‍ ഇളവു നല്‍കുമ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ നികുതി കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ്‌ ദേശീയ സെക്രട്ടറി ആര്‍. ശബരീനാഥ്‌ കുറ്റപ്പെടുത്തി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.