കൊച്ചി: 418 ബാറുകള്‍ പൂട്ടിയതിന് ശേഷം മദ്യവില്‍പനയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സത്യവാങ്മൂലം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മദ്യ ഉപയോഗത്തില്‍ ഒരു ശതമാനം കുറവുണ്ടായതായി കോര്‍പ്പറേഷന്‍ അറിയിച്ചത്. ബിയര്‍ ഉപയോഗത്തിലും ആറു ശതമാനം കുറവുണ്ടായതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ബാറുകള്‍ അടച്ചതിന് ശേഷം മദ്യവില്‍പന കൂടിയെന്നാണ് നേരത്തെ കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ വ്യക്തമായ കണക്കുകള്‍ നല്‍കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് ഇന്ന് വീണ്ടും സത്യവാങ്മൂലം നല്‍കിയത്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ 98.4 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഇത് 99.5 ലക്ഷം കെയ്‌സായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ബിയറിന്റെ വില്‍പനയില്‍ ആറു ശതമാനമാണ് കുറവുണ്ടായത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ 40.7 ലക്ഷം കെയ്‌സാണ് വിറ്റതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 42.47 ലക്ഷം കെയ്‌സായിരുന്നുവെന്നും കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നു.








