കോഴിക്കോട്: വിഭാഗീകതയുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ സിപിഎം കൊയിലാണ്ടി ഏരിയാകമ്മറ്റിയുടെ ചുമതലയില്‍ നിന്നും സെക്രട്ടറി കെ കെ മുഹമ്മദിനെ നീക്കി. കെ ദാസന്‍ എംഎല്‍എയ്‌ക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ജില്ലാ ഏരിയാ കമ്മറ്റികളുടെ യോഗത്തിലാണ് തീരുമാനം വന്നത്.
കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ ശക്‌തികേന്ദ്രങ്ങളിലൊന്നായ കൊയിലാണ്ടി ഏരിയാകമ്മറ്റിയില്‍ നിന്നും മുഹമ്മദിനെ നീക്കം ചെയ്യാന്‍ ജില്ലാക്കമ്മറ്റിക്ക് മുമ്പാകെ നേരത്തേ തന്നെ ആവശ്യം ഉയരുന്നുണ്ടായിരുന്നു. മുന്‍ ഏരിയാ സെക്രട്ടറി എന്‍ ബി ബാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവര്‍ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളില്‍ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന നേതാവിനെ തല്‍സ്ഥാനത്തുതന്നെ നിലനിര്‍ത്തി പുറംചികിത്സ നടത്തിയാല്‍ കൊയിലാണ്ടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം വിട്ടുപോകുമെന്ന ആശങ്കയാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ ജില്ലാ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് സംസ്ഥാന നേതൃത്വവും അംഗീകാരം നല്‍കിയിട്ടുണ്ട്.
മൂന്നു മണിക്കൂര്‍നീണ്ട യോഗശേഷം ഇവിടെവച്ചുതന്നെ കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗവും ചേര്‍ന്നു. രാത്രി പത്തുവരെ നീണ്ടുനിന്ന യോഗത്തില്‍ ആരോപണവിധേയനെ സംരക്ഷിക്കുന്നവരും എതിര്‍ക്കുന്നവരും ചേര്‍ന്ന് നടത്തിയ മാരത്തോണ്‍ ചര്‍ച്ചയിലാണ് കെ.കെ. മുഹമ്മദിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കാന്‍ തീരുമാനമായത്. തുടര്‍ന്ന് പത്തിനുശേഷം പുലര്‍ച്ചെ ഒന്നുവരെ ഇവിടെ തന്നെ ചേമഞ്ചേരി ലോക്കല്‍ കമ്മിറ്റി യോഗവും ചേര്‍ന്നു.
ഈ യോഗത്തില്‍ കെ.കെ. മുഹമ്മദിനെതിരെ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആഞ്ഞടിച്ചുവെന്നാണ് വിവരം. തങ്ങള്‍ ഉന്നയിച്ച കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പും ചിലര്‍ ഉന്നയിച്ചതായാണ് വിവരം. ഏരിയാ സെക്രട്ടറിക്കെതിരായി മൂന്നു കാര്യങ്ങളാണ് കൊയിലാണ്ടിയില്‍ ഉയര്‍ന്നിരുന്നത്. സ്വഭാവ ദൂഷ്യം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, അനുമതിയില്ലാതെ ആറു തവണ മലേഷ്യയില്‍ പോയത് എന്നിവ ജില്ലാ കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു.
കെ.കെ. മുഹമ്മദിന് പകരക്കാരനായി അടുത്ത സമ്മേളനകാലംവരെ ഏരിയാ സെക്രട്ടറിയായി കെ.ദാസന്‍ എംഎല്‍എയെ നിയമിച്ചിട്ടുണ്ട്. കെ.കെ. മുഹമ്മദിന്റെ സമീപകാല പ്രവര്‍ത്തനം പാര്‍ട്ടിക്കും ഒരു കമ്മ്യൂണിസ്റ്റുകാരനും നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടു പേജുകളുള്ള ലഘുലേഖ കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെങ്ങും ഇറങ്ങിയിരുന്നു. ഇതില്‍ കൊയിലാണ്ടിയിലുള്ള ഒരു നേതാവിനേയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലകാരനായ ഒരു എംഎല്‍എയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ മാത്രമല്ല എതിര്‍രാഷ്ട്രീയക്കാരിലെല്ലാം തന്നെ എത്തിയതോടെയാണ് പ്രശ്‌നം കൈവിട്ട കളിയാകുമെന്ന് കണ്ട് അടിയന്തരയോഗം ചേര്‍ന്ന് കെ.കെ. മുഹമ്മദിനെ മാറ്റാന്‍ തീരുമാനിച്ചത്.
ചേമഞ്ചേരിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ശൈലേഷ് ആണ് കെ.കെ. മുഹമ്മദിനെതിരായ ആരോപണം സംബന്ധിച്ച് ആദ്യം പാര്‍ട്ടിക്ക് കത്ത് നല്‍കുന്നത്. പാര്‍ട്ടിക്ക് യോജിക്കാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഏരിയാ സെക്രട്ടറി ആയശേഷമുള്ള അയാളുടെ ജീവിത രീതി, പാര്‍ട്ടിയോടാലോചിക്കാതെ പല തവണ മലേഷ്യയിലേക്ക് പോയത്, സമ്പന്നരുമായുള്ള കൂട്ടുകെട്ട്, സ്ത്രീകളുമായുള്ള അടുപ്പം തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്.
ഇതുസംബന്ധിച്ച് എ.പ്രദീപ് കുമാര്‍ എംഎല്‍എ, മുന്‍ എംപി പി.സതീദേവി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഭാസ്‌കരന്‍ എന്നിവരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലും ആരോപണം ശരിവച്ചിരുന്നു. ഇതേതുടര്‍ന്ന് നടപടി സ്വീകരിക്കുന്നതിനുള്ള നീക്കം നടത്തുന്നതിന്റെ ഭാഗമായി പരസ്യശാസനയില്‍ പ്രശ്‌നം ഒതുക്കാനും പരാതിക്കാരനെ സസ്‌പെന്റ് ചെയ്യാനും തീരുമാനിച്ചു. ഇതോടെ രൂക്ഷമായ എതിര്‍പ്പാണ് ഉയര്‍ന്നത്.
പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് വിദേശത്തുനിന്നും ഇറങ്ങുന്ന ഒരു പ്രസിദ്ധീകരണത്തില്‍ ലേഖനം എഴുതിയെന്ന പേരിലാണ് മുന്‍ ഏരിയാ സെക്രട്ടറി എന്‍.വി. ബാലകൃഷ്ണനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തതെങ്കില്‍ അതിലും വലിയ തെറ്റുകള്‍ ചെയ്ത കെ.കെ. മുഹമ്മദിനെ പരസ്യശാസനയില്‍ ഒതുക്കുന്നതിന്റെ ഔചിത്യവും ഇതിനിടയില്‍ ഉയര്‍ന്നത് അണികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുമെന്ന ഭീതിയും പാര്‍ട്ടി നേതൃത്വത്തില്‍ ശക്തമായിരുന്നു. ഇതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം. ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള ഒമ്പത് ലോക്കല്‍ കമ്മിറ്റികളിലും ഇവയ്ക്കു കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റികളിലും നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.








