തിരുവനന്തപുരം : എസ്‌എന്‍ഡിപി, എന്‍എസ്‌എസ് ഉള്‍പ്പെടെയുള്ള ജാതി സംഘടനകളുടെ തലപ്പത്ത് സമ്പന്നന്മാരാണെന്നും ഇവരുടെ താത്‌പര്യം സംരക്ഷിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സംഘടനാ പ്രവര്‍ത്തനമെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. പാവങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. ജാതി സംഘടനകള്‍ക്കിടയില്‍ നുഴഞ്ഞു കയറി വര്‍ഗ്ഗീയ വിദ്വേഷം സൃഷ്‌ടിക്കുക എന്നതാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യം. എസ്‌എന്‍ഡിപിയുടെ പരിപാടികളില്‍ ആര്‍എസ്‌എസ് വിഷം ചീറ്റുന്നവരെ പങ്കെടുപ്പിക്കുന്നുവെന്നും ആര്‍എസ്‌എസ് മേധാവിയുടെ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്‌തത് ശരിയായില്ലെന്നും പിണറായി പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന തോല്‍വിക്ക് കാരണം സംഘടനാപരമായ വീഴ്‌ചയാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി, വീണ്ടും സെക്രട്ടറി സ്‌ഥാനത്തേയ്‌ക്കില്ലെന്ന് ഉറപ്പിച്ചു വ്യക്‌തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കടുത്ത ജാതിമത വികാരം കുത്തിയിളക്കാനുള്ള ശ്രമം ഉണ്ടായെന്നും ഇതിന് മാധ്യമങ്ങള്‍ കൂട്ടുനിന്നു. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ മാറ്റം വരുത്താനുള്ള അപകടകരമായ ശ്രമം നടക്കുന്നുണ്ടെന്നും അന്യ മതവിരോധം ഒരു വിഭാഗത്തില്‍ വളര്‍ത്തുന്നതില്‍ ആര്‍എസ്‌എസ്,ബിജെപി പ്രവര്‍ത്തനം ഇടയാക്കി. ഇത് ന്യൂനപക്ഷത്തിനെതിരായ വികാരമായി മാറിയെന്നും പിണറായി കുറ്റപ്പെടുത്തി.
യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേട്, ധര്‍ത്ത്,അഴിമതി എന്നിവ സംസ്‌ഥാനത്തെ സാമ്പത്തികമായി ഒരുപാട് പിന്നോട്ട് കൊണ്ടുപോയി. ഇതിന് പ്രതിവിധിയായി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള നികുതി വര്‍ധനയ്‌ക്ക് എതിരായ പ്രക്ഷോഭമായി സിപിഎം മുന്നോട്ടു പോകുമെന്നും എട്ടാം തീയതി മുതല്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമാകുമെന്നും പിണറായി വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ മാലിന്യ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും ഇനിയും സര്‍ക്കാരിനെ കാത്തുനിന്നിട്ട് കാര്യമില്ലാത്തതിനാല്‍ നാടിന്റെ ശുചീകരണം പാര്‍ട്ടി പ്രധാന ദൗത്യമായി ഏറ്റെടുക്കുകയാണെന്നും പിണറായി പറഞ്ഞു. ഇതിന്റെ ഭാഗമായി നവംമ്പര്‍ ഒന്നിന് സംസ്‌ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ടൂറിസം വളരെ സാധ്യതയുള്ള ഒരു വ്യവസായമാണ്.എന്നാല്‍ പലപ്രദേശങ്ങളും മാലിന്യ കൂമ്പാരമാകുന്നതിനാല്‍ ഇതിന്റെ സാധ്യത മങ്ങുകയാണ്. ഇത് പരിഹരിക്കാന്‍ ശുചീകരണ പരിപാടി ജനകീയമാക്കണം. കേന്ദ്രീകൃത സംസ്‌കരണ സംവിധാനത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും വികേന്ദ്രീകരണ സംസ്‌കരണ സംവിധാനമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.








