Home » » പെരിയാര്‍ തീരത്തിന്റെ നെഞ്ചിടിപ്പുകൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടി.

പെരിയാര്‍ തീരത്തിന്റെ നെഞ്ചിടിപ്പുകൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടി.

Written By Unknown on Saturday, 15 November 2014 | 18:19

കുമളി : പെരിയാര്‍ തീരത്തിന്റെ നെഞ്ചിടിപ്പുകൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയിലേക്ക്‌. അണക്കെട്ടിലെ ജലനിരപ്പ്‌ ഇന്നലെ രാത്രി 141 അടി കഴിഞ്ഞെന്നു തമിഴ്‌നാട്‌ മുന്നറിയിപ്പു നല്‍കി. പെരിയാര്‍ കടുവാസങ്കേതത്തിലെചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്‌നാടു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ്‌ ഇരട്ടിയാക്കിയിട്ടും ജലനിരപ്പ്‌ ഉയരുകയാണ്‌. ഇതേത്തുടര്‍ന്നു പെരിയാര്‍ തീരത്തെ ജനങ്ങളെ വീടുകളില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാത്രിയില്‍ ജലനിരപ്പു വീണ്ടും ഉയര്‍ന്നാല്‍ സ്‌ഥിതി ഗുരുതരമാകുമെന്ന നിഗമനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ നീക്കം.

എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ കടുത്തപ്രതിഷേധമാണുയരുന്നത്‌. നിര്‍ദേശം നടപ്പാക്കാന്‍ രാത്രിയില്‍ എത്തിയ റവന്യൂ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധവുമായി തീരദേശവാസികള്‍ രംഗത്തെത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്‌ഥാന സൗകര്യമില്ലെന്നാണു നാട്ടുകാരുടെ പരാതി. രാത്രി വൈകിയും സ്‌ഥലത്തു സംഘര്‍ഷാവസ്‌ഥയാണ്‌. ഇരുനൂറോളം പോലീസുകാരെ ദുരന്തസാധ്യത പ്രദേശത്തു വിന്യസിച്ചു. 30 അംഗ അഗ്നിശമന സേനയും സജ്‌ജം. സേര്‍ച്ച്‌ ലൈറ്റുകള്‍ വില്ലേജ്‌ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ ഏര്‍പ്പാടാക്കി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനം മൂന്നു വാഹനങ്ങളിലായി ഒരുക്കിയിട്ടുണ്ട്‌.

ദുരന്തമുണ്ടായാല്‍ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം മുമ്പു സ്‌ഥാപിച്ചതു പലയിടത്തും പ്രവര്‍ത്തനരഹിതമാണ്‌. ഇവ ഇന്ന്‌ ഉച്ചയ്‌ക്കുമുമ്പു പ്രവര്‍ത്തക്ഷമമാക്കുമെന്നു സുരക്ഷാചുമതലയുള്ള എ.ഡി.എം: മോഹനന്‍പിള്ള അറിയിച്ചു. എല്ലാ വില്ലേജുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്തു കനത്ത മഴയുണ്ട്‌. ഇതുമൂലം അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കൂടി. തുടര്‍ന്നാണ്‌ ഒഴുക്കിക്കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ്‌ കൂട്ടിയത്‌. 456 ഘനയടിയില്‍നിന്ന്‌ 900 ആക്കിയാണ്‌ വെള്ളത്തിന്റെ അളവ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ഓരോ സെക്കന്‍ഡിലും 3,357 ഘനയടി ജലം അണക്കെട്ടില്‍ ഒഴുകിയെത്തുന്നുവെന്നാണു തമിഴ്‌നാടിന്റെ കണക്ക്‌. ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നിട്ടും 12, 13 ഷട്ടറുകളുടെ തകരാര്‍ പരിഹരിച്ചിട്ടില്ല. ഏത്‌ അടിയന്തര സാഹചര്യത്തിലും തുറന്നു വെള്ളമൊഴുക്കാന്‍ സജ്‌ജമാക്കേണ്ടവയാണ്‌ ഇവ.

അണക്കെട്ടിന്റെ പുറംചുവരുകളിലെ ചോര്‍ച്ച ശക്‌തമായതായാണ്‌ റിപ്പോര്‍ട്ട്‌. ബേബി ഡാമില്‍ ജലനിരപ്പ്‌ 35 അടിയായി ഉയര്‍ന്നു. ബേബി ഡാമിന്റെ അസ്‌ഥിവാരത്തു കൂടിയുള്ള നീരൊഴുക്ക്‌ അസ്വഭാവികമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ജലനിരപ്പ്‌ 142 അടിയായി നിലനിര്‍ത്തിയ ശേഷമേ കൊണ്ടു പോകുന്ന വെള്ളത്തിന്റെ തോത്‌ ഉയര്‍ത്തുകയുള്ളെന്നാണു തമിഴ്‌നാടിന്റെ നിലപാട്‌. എന്നാല്‍ കേരളം സമീപിക്കുന്നത്‌ ഉദാസീനമായ നിലപാടാണ്‌ എന്ന്‌ ആരോപണമുണ്ട്‌. സംസ്‌ഥാനത്തിന്റെ ആശങ്കകള്‍ ബോധ്യപ്പെടുത്തി തമിഴ്‌നാടു മുഖ്യമന്ത്രിക്ക്‌ കത്തയക്കാന്‍ പോലും കേരളം തയാറാകുന്നത്‌ കഴിഞ്ഞദിവസമാണ്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.