Home » » ആദിവാസികള്‍ക്ക്‌ ക്ഷേമമെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്ന്‌ സര്‍ക്കാര്‍ വകുപ്പ്‌ പ്രസിദ്ധീകരണം.

ആദിവാസികള്‍ക്ക്‌ ക്ഷേമമെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്ന്‌ സര്‍ക്കാര്‍ വകുപ്പ്‌ പ്രസിദ്ധീകരണം.

Written By Unknown on Saturday, 15 November 2014 | 18:30

അട്ടപ്പാടിയിലെ ശിശുമരണത്തെ തുടര്‍ന്ന്‌ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ക്ക്‌ താല്‌ക്കാലിക പരിഹാരമായിട്ടുണ്ടെങ്കിലും ആദിവാസികള്‍ക്ക്‌ ക്ഷേമമെന്ന സര്‍ക്കാര്‍ വാദം ശരിയല്ലെന്ന്‌ സര്‍ക്കാര്‍ വകുപ്പ്‌ പ്രസിദ്ധീകരണം. കേരള പഞ്ചായത്ത്‌ വകുപ്പ്‌ പ്രസിദ്ധീകരിക്കുന്ന പഞ്ചായത്ത്‌ രാജ്‌ ഒക്‌ടോബര്‍ ലക്കത്തിലാണ്‌ സര്‍ക്കാരിനെ നാണിപ്പിക്കുന്ന കണക്കുകള്‍ ഉള്ളത്‌. ഇത്‌ എഴുതിയിരിക്കുന്നതാകട്ടെ കുടുംബശ്രീയുടെ പ്രോഗ്രാം ഓഫീസറായ ടി. ഷാഹുല്‍ ഹമീദ്‌.

ആദിവാസി സ്‌ത്രീകളില്‍ 52% പേര്‍ വിളര്‍ച്ച ബാധിതരാണ്‌ എന്നതാണ്‌ ഒന്ന്‌. ആദിവാസി സ്‌ത്രീകളില്‍ പകുതിയിലധികം പേര്‍ ഭക്ഷണത്തിന്റെ കുറവുകൊണ്ടോ, പോഷകാഹാരത്തിലെ കുറവുകൊണ്ടോ വിളര്‍ച്ച ഉണ്ടെന്ന്‌ അധികൃതര്‍ സമ്മതിക്കുന്നു. ഇങ്ങനെയുള്ളവര്‍ ഗര്‍ഭിണികളാകുമ്പോഴും പ്രസവിച്ചശേഷം കുഞ്ഞുങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്ന്‌ ആരോഗ്യരംഗത്തെ വിദഗ്‌ദര്‍ പറയുന്നു.

ആരോഗ്യരംഗത്ത്‌ 24 ശതമാനം പേര്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ അതില്‍ 16 ശതമാനവും ആദിവാസികളാണെന്ന കണക്കും ഇതില്‍ പറയുന്നു. പോഷകാഹാര കുറവ്‌, ടി.ബി., കുഷ്‌ഠം, മലിനമായ കുടിവെള്ളം മൂലമുണ്ടാകുന്ന രോഗങ്ങള്‍, അരിവാള്‍ രോഗം എന്നിവ ഈ മേഖലയിലുണ്ട്‌. 2004-05 ല്‍ 46 ശതമാനമായിരുന്ന ദാരിദ്ര്യം 2009-10 ല്‍ 52 ആയി വര്‍ധിച്ചതായി ലേഖനത്തിലുണ്ട്‌. അടിസ്‌ഥാന സൗകര്യങ്ങളായ വീട്‌, കക്കൂസ്‌, കുടിവെള്ളം, വൈദ്യുതി എന്നിവ ആദിവാസികളായ 57.9 ശതമാനത്തിനും ലഭിക്കുന്നില്ല. 47.75 ശതമാനത്തിന്‌ ശൗചാലയങ്ങളില്ല. ചില ജില്ലകളില്‍ 54 ശതമാനം പേരുടേയും വീട്‌ വാസയോഗ്യമല്ല.

ജനങ്ങള്‍ പ്രതിവര്‍ഷം ദാരിദ്ര്യത്തില്‍ നിന്ന്‌ കരകയറുമ്പോള്‍ 48 വിഭാഗങ്ങളിലായിട്ടുള്ള ആദിവാസി ഗിരിവര്‍ഗ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം കൂടി വരുന്നത്‌ അതീവ ഗൗരവത്തോടെ കാണണമെന്നും ഷാഹുല്‍ ഹമീദ്‌ ഓര്‍മിപ്പിക്കുന്നു. പഞ്ചായത്തരാജില്‍ ആദിവാസികളുടെ മനസറിയാന്‍ കുടുംബശ്രീ സൂക്ഷമതല ആസൂത്രണ പദ്ധതി എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ ആദിവാസികളുടെ ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ ദയനീയാവസ്‌ഥ കണക്കുകളിലൂടെ തുറന്നുകാണിക്കുന്നുണ്ട്‌. കോടികള്‍ ചിലവഴിക്കുന്ന ആദിവാസി ക്ഷേമത്തിന്റെ കൊള്ളത്തരങ്ങള്‍ സര്‍ക്കാര്‍ വകുപ്പ്‌ തന്നെയാണ്‌ കാണിച്ചുതരുന്നത്‌.

2002-03 ല്‍ പട്ടികവര്‍ഗ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 90 കോടിയാണ്‌ നീക്കിവച്ചതെങ്കില്‍ 2011-12 ല്‍ ഇത്‌ 284 കോടിയായി വര്‍ധിച്ചു. ഇത്‌ ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്‌. അട്ടപ്പാടിക്കും മറ്റും നല്‍കുന്ന പ്രത്യേക പാക്കേജുകള്‍ വേറെ. ട്രൈബല്‍ ഡെവലപ്‌മെന്റ്‌ ഓഫീസര്‍മാര്‍, പ്രമോട്ടര്‍മാര്‍ എന്നിവര്‍ വഴി മുടങ്ങാതെ അരിയും പയറുമെല്ലാം സൗജന്യമായി എത്തിക്കുന്നുണ്ട്‌ എന്ന്‌ പറയുമ്പോഴും ദാരിദ്ര്യം വളരുന്നു എന്നത്‌ സത്യം മാത്രമാണ്‌. ഒരു വകുപ്പെങ്കിലും ഇപ്പോള്‍ അത്‌ സമ്മതിച്ചു എന്ന്‌ മാത്രം
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.