Home » » ആലപ്പുഴയിലെ പക്ഷികളില്‍ കണ്ടെത്തിയത്‌ മനുഷ്യരിലേയ്‌ക്ക് പടരാന്‍ സാധ്യതയുള്ള എച്ച്‌ 5 എന്‍1 വൈറസ്‌.

ആലപ്പുഴയിലെ പക്ഷികളില്‍ കണ്ടെത്തിയത്‌ മനുഷ്യരിലേയ്‌ക്ക് പടരാന്‍ സാധ്യതയുള്ള എച്ച്‌ 5 എന്‍1 വൈറസ്‌.

Written By Unknown on Thursday, 27 November 2014 | 09:26

ആലപ്പുഴ; ആലപ്പുഴയിലെ പക്ഷികളില്‍ കണ്ടെത്തിയത്‌ മനുഷ്യരിലേയ്‌ക്ക് പടരാന്‍ സാധ്യതയുള്ള എച്ച്‌ 5 എന്‍1 വൈറസ്‌ എന്ന്‌ സ്‌ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. 2003-04 വര്‍ഷങ്ങളില്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം പടര്‍ന്നിരുന്നു. മഹാമാരിയാകാന്‍ സാധ്യതയുള്ള വൈറസ്‌ നൂറിലധികം പേരിലേയ്‌ക്ക് രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 1997ല്‍ ഹോങ്കോങ്ങില്‍ പടര്‍ന്നുപിടിച്ചതും ഇതേ വൈറസ്‌ ആണ്‌. ജില്ലയില്‍ എച്ച്‌ 5 എന്‍1 വൈറസ്‌ സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ പ്രദേശത്ത്‌ പ്രതിരോധ നടപടികള്‍ ശക്‌തമാക്കിയിട്ടുണ്ട്‌.

ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ താറാവുകള്‍ ദിനംപ്രതി കൂട്ടത്തോടെ ചത്തു തുടങ്ങിയതോടെയാണ്‌ പ്രദേശവാസികള്‍ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനിയെ തുടര്‍ന്നാണ്‌ താറാവുകള്‍ ചാകുന്നതെന്നും ആലപ്പുഴയ്‌ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ മേഖലകളിലും ഇത്തരത്തില്‍ താറാവുകള്‍ ചാകുന്നുണ്ടെന്നും കണ്ടെത്തി. പ്രതിരോധ നടപടിയെന്ന നിലയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന്‌ ചത്ത താറാവുകളെയും രോഗബാധയുള്ളവയെയും എത്രയും വേഗം കൊന്ന്‌ കത്തിച്ചു കളയണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസഥാനത്തില്‍ വൈറസ്‌ സ്‌ഥീരികരിച്ച പ്രദേശങ്ങളിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെയും താറാവുകളെ കൊന്നൊടുക്കുന്ന നടപടികളുമായി മൃഗസംരക്ഷണ വകുപ്പും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്‌.

എച്ച്‌5എന്‍1 വൈറസ്‌ സ്‌ഥരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതുണ്ട്‌. ആരോഗ്യ വകുപ്പ്‌ നിര്‍ദേശിച്ചിട്ടുള്ള കൈയ്യുറകള്‍, മാസ്‌ക് തുടങ്ങിയവ ഉപയോഗിക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌ രോഗം പടരാന്‍ കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.