Home » » കെ.എം.മാണി കോഴ വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു; വി.എസ്.

കെ.എം.മാണി കോഴ വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു; വി.എസ്.

Written By Unknown on Tuesday, 25 November 2014 | 08:42

തിരുവനന്തപുരം: പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽ നിന്ന് ധനമന്ത്രി കെ.എം.മാണി കോഴ വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. ഒരു കോടി രൂപ അഡ്വാൻസായി കിട്ടിയപ്പോൾ, വീടിനകത്തു നിന്ന മാണിയുടെ ഭാര്യ തലയാട്ടി സമ്മതിച്ചു. ഇനി എത്ര വേണമെന്ന് ബാറുടമകൾ ചോദിച്ചപ്പോൾ അഞ്ചു കോടി വേണമെന്ന് മാണി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.അച്യുതാനന്ദൻ. ബാർ കോഴ നൽകിയ കേസിൽ മാണിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് വിജിലൻസ് അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. കേസിൽ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും സർക്കാർ അത് അനുസരിക്കാൻ തയ്യാറാവുന്നില്ലെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. സോളാർ, പാമോയിൽ, ടൈറ്റാനിയം, പ്ളസ് ടു തുടങ്ങിയ അഴിമതി കേസുകളിൽ പെട്ട് നിൽക്കുകയാണ് ഉമ്മൻചാണ്ടി. റോമാ സാമ്രാജ്യം ഉണ്ടായിരുന്നപ്പോൾ എല്ലാ വഴികളും റോമിലേക്ക് എന്ന് പറയുന്നത് പോലെ ഇപ്പോൾ, എല്ലാ അഴിമതികളും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് എന്ന രീതിയിലാണ് കാര്യങ്ങൾ എന്നും വി.എസ് പറഞ്ഞു.
മാണിക്കെതിരായ ആരോപണത്തെ കുറിച്ച് അടിയന്തരമായി അന്വേഷിച്ച് നടപടി എടുത്തില്ലെങ്കിൽ ഇടതുമുന്നണി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.