Home » » സിപിഐയ്‌ക്ക് കോണ്‍ഗ്രസ്‌ ബന്ധത്തിന്റെ ഹാങ്‌ഓവറെന്ന്‌ പിണറായി വിജയന്‍.

സിപിഐയ്‌ക്ക് കോണ്‍ഗ്രസ്‌ ബന്ധത്തിന്റെ ഹാങ്‌ഓവറെന്ന്‌ പിണറായി വിജയന്‍.

Written By Unknown on Sunday, 16 November 2014 | 06:25

തിരുവനന്തപുരം : സിപിഐയ്‌ക്ക് കോണ്‍ഗ്രസ്‌ ബന്ധത്തിന്റെ ഹാങ്‌ഓവറെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ പിണറായി സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ചത്‌. സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്‌താവന ഇരിക്കുന്ന സ്‌ഥാനത്തിന്റെ മാന്യത മനസിലാക്കാതെയുള്ളതാണ്‌. സിപിഐ നേതാക്കള്‍ നടത്തിയത്‌ തെരുവ്‌ പ്രസംഗമാണെന്നും പിണറായി പരിഹസിച്ചു. എല്‍ഡിഎഫിലേയ്‌ക്ക് പുതിയ ഒരു പാര്‍ട്ടിയും വരുന്നില്ലെന്നും അത്തരം നീക്കത്തെ കുറിച്ച്‌ അറിയില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ബാര്‍ കോഴയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാളത്തെ എല്‍ഡിഎഫ്‌ യോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണി രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അഡ്‌ജസ്‌റ്റ്മെന്റ്‌ സമരം ഏതാണെന്ന്‌ സിപിഐ വ്യക്‌തമാക്കണമെന്നും പിണറായി പറഞ്ഞു.

ഇഎംഎസ്‌ ഭവന പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു. തദ്ദേശസ്‌ഥാപനങ്ങളെ സര്‍ക്കാര്‍ അഴിമതിയ്‌ക്കുള്ള കറവപ്പശുവാക്കി. പ്രതിപക്ഷവുമായി ആലോചിക്കാതെയാണ്‌ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത്‌. ടൗണ്‍ ആന്റ്‌ കണ്‍ട്രി പ്ലാനിങ്‌ നിയമം ആരും അറിയാതെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്‌. ഭരണങ്ങള്‍ക്കുള്ള ധനവിന്യാസം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ തൊഴിലുറപ്പ്‌ പദ്ധതിയുടെ നിലനില്‍പ്പ്‌ ചോദ്യചിഹ്നത്തിലാണ്‌. യുഡിഎഫ്‌ സര്‍ക്കാരിന്‌ കുടുംബശ്രീയോട്‌ അലര്‍ജിയാണെന്നും കാര്‍ഷിക മേഖലയിലേയ്‌ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി തീരുമാനമെന്നും പിണറായി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.