Home » » തുലാവര്‍ഷ മേഘം പനിനീരു തൂകിയ ശബരീശ സന്നിധിയില്‍ ശ്രീകോവില്‍ നട തുറന്നു.

തുലാവര്‍ഷ മേഘം പനിനീരു തൂകിയ ശബരീശ സന്നിധിയില്‍ ശ്രീകോവില്‍ നട തുറന്നു.

Written By Unknown on Sunday, 16 November 2014 | 17:48

പത്തനംതിട്ട: തുലാവര്‍ഷ മേഘം പനിനീരു തൂകിയ ശബരീശ സന്നിധിയില്‍ ശ്രീകോവില്‍ നട തുറന്നു. ഇന്നു മണ്ഡലകാലത്തിന്‌ തുടക്കമാകും. ഇനിയുള്ള നാളുകള്‍ ശരണ കീര്‍ത്തനത്താല്‍ പൂങ്കാവനം മുഖരിതമാകും.
ദീപ പ്രപഞ്ചത്തിന്‌ ആധാരമൂര്‍ത്തിയായ ശ്രീഭൂതനാഥനെ കാണാനെത്തുന്ന ഭക്‌തനെ ഇക്കുറി വരവേല്‍ക്കുന്നത്‌ പിത്തള പൊതിഞ്ഞ പതിനെട്ടാം പടിയുടെ കവാടം. പടിക്ക്‌ മുന്നിലുള്ള കല്ലുകള്‍ ഇളക്കിമാറ്റി നവീകരിച്ചിട്ടുണ്ട്‌. തിരുമുറ്റം തറയോട്‌ പാകി ആഴി പുതുക്കി നിര്‍മിച്ചു. ചൂടുമൂലം പൊട്ടിയ മതില്‍ നീക്കി. ആഴിയ്‌ക്ക്‌ ചുറ്റുമുള്ള ഇരുമ്പുകമ്പികളും നീക്കം ചെയ്‌തു. സന്നിധാനത്തെയും മാളിക പ്പുറത്തേയും ഉപദേവാലയങ്ങള്‍ പിത്തള പൊതിഞ്ഞ്‌ ആകര്‍ഷകമാക്കി. കന്നിമൂല ഗണപതി, നാഗനട, മാളികപ്പുറം, നവഗ്രഹങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പിത്തളയുടെ ശോഭ കാണാം. ശബരിമലയിലെ പൂജാക്രമംഭസ്‌മാഭിഷിക്‌തനായ അയ്യപ്പന്‌ ഇന്നലെ പ്രത്യേക പൂജ ഒന്നും ഉണ്ടായിരുന്നില്ല.
ഇന്നുമുതല്‍ എല്ലാ ദിവസവും ഉഷ:പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയാണ്‌ സന്നിധിയില്‍ നടക്കുന്നത്‌. പുലര്‍ച്ചെ നാലിന്‌ നടതുറക്കും. തന്ത്രിയുടെ കാര്‍മികത്വത്തിലായിരിക്കും ആദ്യ അഭിഷേകം. തുടര്‍ന്ന്‌ ഗണപതിഹോമം. 7.30 ന്‌ ഉഷപൂജ, പ്രധാന നൈവേദ്യം അയ്യപ്പന്‌ നല്‍കി നട അടച്ച്‌ മേല്‍ശാന്തി പുറത്തിറങ്ങി ഉപദേവതകളായ ഗണപതി, നാഗരാജാവ്‌ എന്നിവര്‍ക്ക്‌ നിവേദ്യം നല്‍കും. പിന്നെ നട തുറന്ന്‌ വീണ്ടും അടച്ചശേഷം പ്രസന്നപൂജ കഴിക്കും. ഉഷപൂജയ്‌ക്ക്‌ ശേഷം ആരംഭിക്കുന്ന നെയ്യഭിഷേകം ഉച്ചയ്‌ക്ക്‌ 12 വരെ തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകി ശുദ്ധി വരുത്തി ഉച്ചപൂജ ആരംഭിക്കും. മണ്ഡപത്തില്‍ പ്രത്യേകം പൂജിച്ച്‌ വച്ചിരിക്കുന്ന ഇരുപത്തിയഞ്ച്‌ കലശങ്ങള്‍ തന്ത്രി വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. പൂജയുടെ ഭാഗമായി നൈവേദ്യം നടക്കും.
പൂജ കഴിഞ്ഞ്‌ അടയ്‌ക്കുന്ന നട വൈകിട്ട്‌ നാലിന്‌ തുറക്കും. അതിനു ശേഷം പുഷ്‌പാഭിഷേകം. രാത്രി അത്താഴപൂജയില്‍ അയ്യപ്പസ്വാമിക്ക്‌ അപ്പവും പാനയും നിവേദിക്കും. പൂജയ്‌ക്കു ശേഷം ഇവ പ്രസാദമായി വിതരണം ചെയ്യും. അത്താഴ പൂജയ്‌ക്കു ശേഷം ശ്രീകോവില്‍ വീണ്ടും ശുദ്ധീകരിക്കും. തുടര്‍ന്ന്‌ ഹരിവരാസനം പാടി നട അടയ്‌ക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.