പത്തനംതിട്ട: ക്വാറി കോഴയുമായി ബന്ധപ്പെട്ട കേസില്‍ പത്തനംതിട്ട മുന്‍ എസ്‌പി രാഹുല്‍ ആര്‍ നായര്‍ക്കെതിരേ കേസെടുക്കാന്‍ ശുപാര്‍ശ. ക്വാറി തുറക്കാന്‍ 17 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് മേധാവി വിന്‍സെന്റ് എം പോളിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചു.
പത്തനംതിട്ടയില്‍ അടച്ചുപൂട്ടിയ ഒരു ക്വാറി തുറക്കാന്‍ 20 ലക്ഷം കൈക്കൂലി ചോദിച്ചെന്നും ഇതില്‍ 17 ലക്ഷം ഇടനിലക്കാരന്‍ വഴി കൈപ്പറ്റി എന്നുമാണ് ആരോപണം. കൈക്കൂലി ഇടപാട് നടന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. വൈക്കം സ്വദേശിയായ ഒരു ഇടനിലക്കാരന്‍ എറണാകുളത്ത് വെച്ച് പണം നല്‍കിയെന്ന് വിശ്വസിക്കാന്‍ തക്കവിധത്തില്‍ തെളിവുകളുണ്ടെന്നും ആരോപണത്തില്‍ കേസ് റജിസ്‌റ്റര്‍ ചെയ്‌ത് വിശദമായ ഒരു അന്വേഷണം ആവശ്യമാണെന്നുമുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം നല്‍കിയത്.
തിരുവനന്തപുരം യൂണിറ്റ് എസ്‌പിയെ കൊണ്ട് അന്വേഷണം നടത്താനും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില പോലീസ് ഉദ്യോഗസ്‌ഥരും എസ്‌പിയ്‌ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ക്വാറി തുറന്ന് കൊടുക്കാന്‍ ഐജി മനോജ് ഏബ്രഹാമും എഡിജിപി ശ്രീലേഖയും തന്നെ നിര്‍ബ്ബന്ധിച്ചെന്നും എന്നാല്‍ സമ്മതിക്കാതെ വന്നതിനെ തുടര്‍ന്നുള്ള ഗൂഡാലോചനയാണ് ഇതെന്നാണ് രാഹുല്‍ നായരുടെ ആരോപണം.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് അന്വേഷണ വിധേയമായി നേരത്തേ രാഹുല്‍ ആര്‍ നായരെ പത്തനംതിട്ട പോലീസ് ഉന്നത സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തിയിരുന്നു.








