മലപ്പുറം: എടക്കര മുണ്ടേരി
വിത്തുകൃഷിത്തോട്ടത്തിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി
സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി, ഏഷ്യയിലെ ഏറ്റവും
വലിയ തെങ്ങില്‍ തോപ്പ് നാശത്തിന്റെ വക്കില്‍. സംസ്ഥാന സര്‍ക്കാരിന്റെ
അധിനതയില്‍ മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന വിത്തുകൃഷിത്തോട്ടമാണ്
അധികൃതരുടെ തികഞ്ഞ അവഗണനമൂലം നാശത്തിന്റെ വക്കിലായിരിക്കുന്നത്. കഴിഞ്ഞ
ഫെബ്രുവരി പതിനാലിന് മന്ത്രിയായ ശേഷം ആദ്യമായി മുണ്ടേരി
വിത്തുകൃഷിത്തോട്ടം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ പി മോഹനന്‍ ഫാമിന്റെ
വികസനത്തിനാവശ്യമായ അടിയന്തിര നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഉറപ്പ്
നല്‍കിയിരുന്നു. അതില്‍ കാലങ്ങളായി വിത്തുകൃഷിത്തോട്ടം അഭിമുഖീകരിക്കുന്ന
രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് മുന്‍ഗണന
നല്‍കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഫെബ്രുവരി
ഇരുപത്തിയെട്ടിനുള്ളില്‍ കുറച്ച് തൊഴിലാളികളെ നിയമിക്കുമെന്നും, ആറ്
മാസത്തിനുള്ളില്‍ ഫാമിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുമെന്നുമാണ് മന്ത്രി
അന്ന് പ്രഖ്യാപിച്ചത്. നിലമ്പൂര്‍ താലൂക്കില്‍പെട്ട ഉദേ്യാഗാര്‍ഥികളെ
എംപ്ലോയ്‌മെന്റ് മുഖേന നിയമിക്കുമെന്നാണ് അറിയിച്ചത്. ഇതിന് പുറമെ
വന്യമൃഗ ശല്ല്യത്തില്‍ നിന്നും ഫാമിനെ രക്ഷിക്കാന്‍ വനംവകുപ്പുമായി
ചേര്‍ന്ന് നടപടികള്‍ കൈക്കൊള്ളും, സൂരോര്‍ജ വേലി
പ്രായോഗികമല്ലാത്തതിനാല്‍ വനാതിര്‍ത്തിയില്‍ ട്രഞ്ച് നിര്‍മ്മിക്കും. വനം
മന്ത്രിയുമായി അടുത്ത ദിവസം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഫാം
മോടിപിടിപ്പിക്കാനും, കൃഷി അസിസ്റ്റന്റ്‌മാരുടെ യാത്രാ സൗകര്യത്തിനായി
ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി അന്ന് പൊതുജനങ്ങളെയും,
ഉദേ്യാഗസ്ഥരെയും സാക്ഷിയാക്കി പഞ്ഞിരുന്നു. എന്നാല്‍ പത്ത്
മാസത്തോളമായിട്ടും മന്ത്രിയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങുകയാണ്. 505.5
ഹെക്‌ടര്‍ വിസ്‌തൃതിയുള്ള മുണ്ടേരി വിത്തുകൃഷിത്തോട്ടം ഏഷ്യയിലെതന്നെ
ഏറ്റവും വലിയ തെങ്ങിന്‍ തോപ്പുകളിലൊന്നാണ്. അത്യുത്‌പാദന ശേഷിയുള്ള
വിവിധയിനം തെങ്ങിന്‍ തൈകളും, കുരുമുളക്, ജാതി, കുടംപുളി, കമുക്, കശുമാവ്
തുടങ്ങി നിരവധി ഫലവൃക്ഷ തൈകളും ഇവിടെ ഉത്‌പാദിപ്പിച്ച് സംസ്ഥാനത്തുടനീളം
വിതരണം നടത്തുന്നുണ്ട്. ഇക്കാരണത്താല്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടം
തുടങ്ങിയ കാലംമുതല്‍ നഷ്‌ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍
ലാഭത്തിലുപരി ഗുണമേന്മയുള്ള തൈകളും, വിത്തുകളും കര്‍ഷകര്‍ക്ക് വിതരണം
ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1979-ല്‍ മുന്നൂറ്റിയന്‍പത്
തൊഴിലാളികളുമായി മുണ്ടേരി വിത്തുകൃഷിത്തോട്ടം ആരംഭിക്കുന്നത്. ആകയുള്ള 505
ഹെക്‌ടറില്‍ 303-ഹെക്‌ടര്‍ സ്ഥലം മാത്രമാണ് കൃഷി ആവശ്യങ്ങള്‍ക്കായി
ഉപയുക്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഫാമില്‍ ഏറ്റവും കൂടുതലായുള്ളത്
അത്യുത്‌പാദനശേഷിയുള്ള തെങ്ങിന്‍ തോട്ടങ്ങളായിരുന്നു. കാട്ടാനകള്‍
നശിപ്പിച്ചത് മൂലം പകുതിയിലേറെ തെങ്ങിന്‍ തോട്ടം ഇപ്പോള്‍ കാലിയായി
കിടക്കുകയാണ്. കാട്ടാനശല്ല്യം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അധികൃതരുടെ
ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. 356 തൊഴിലാളികള്‍ ജോലി
ചെയ്യേണ്ട സ്ഥാനത്ത് 111-തൊഴിലാളികള്‍ മാത്രമാണ് നിലവില്‍ ഇവിടെയുള്ളത്.
അടുത്ത രണ്ട് വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ കൂടുതല്‍ വിരമിക്കുന്നതോടെ
പ്രവര്‍ത്തനം അവതാളത്തിലാകുകയും വിത്തുകൃഷിത്തോട്ടം നാശത്തിലേക്ക്
പതിക്കുകയും ചെയ്യും. എന്നാല്‍ നഷ്‌ടത്തിലോടുന്ന സ്ഥാപനത്തില്‍ കൂടുതല്‍
തൊഴിലാളികളെ നിയമിക്കുന്നത് സര്‍ക്കാരിന് നഷ്‌ടമുണ്ടാക്കുമെന്ന
തിരിച്ചറിവാണ് നിയമനം നടത്താത്തതിന് പിന്നില്‍. ലാഭകരമല്ലാത്ത മുണ്ടേരി
വിത്തുകൃഷിത്തോട്ടം കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കെമാറാന്‍ അണിയറ
നീക്കമുണ്ടെന്നും സൂചനയുണ്ട്.
ഷിബു എടക്കര







