തിരുവനന്തപുരം; മദ്യനയത്തിനെതിരായ തന്റെ പരാമര്‍ശം എസ്.എല്‍.ബി.സിക്ക് സംഭവിച്ച തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ ഓഫീസില്‍ വന്ന നിവേദനം എസ്.എല്‍.ബി.സിക്ക് കൈമാറുകയായിരുന്നു. ഹൗസ് ബോട്ട് ഉടമകളുടെ നിവേദനത്തിലാണ് ഈ പരാമര്‍ശമുള്ളത്. വിവാദമുണ്ടായപ്പോള്‍ മാധ്യമങ്ങള്‍ തന്റെ പ്രതികരണം ആരാഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാന ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ നിവേദനത്തില്‍ മദ്യനയത്തെ വിമര്‍ശിച്ചുവെന്ന വാര്‍ത്ത വിവാദമായിരുന്നു. ഇന്ന് തിരുവനന്തപുരത്ത് സമാപിച്ച ബാങ്കേഴ്‌സ് മീറ്റിന്റെ അജണ്ടകളും കുറിപ്പുകളും ചേര്‍ത്ത് പ്രസിദ്ധികരിച്ച ബുക്ക്‌ലെറ്റിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയ കുറിപ്പ് ഉള്‍പ്പെടുത്തിയിരുന്നത്. സംസ്‌ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ടൂറിസം മേഖലയെ, പ്രത്യേകിച്ച് കായല്‍ ടൂറിസം മേഖലയെ തകര്‍ക്കുമെന്നായിരുന്നു വിവാദ പരാമര്‍ശം.
പുതിയ മദ്യനയം നടപ്പിലാക്കുന്നതോടെ ടുറിസം മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കുറയ്‌ക്കുകയും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഖേഖലയെ തള്ളി വിടുമെന്നും കുറിപ്പില്‍ വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കായല്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ട ഉടമകളുടെ ബാങ്ക് വായ്‌പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ നല്‍കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.








