Home » » ജനപക്ഷയാത്രയില്‍ ഉടനീളം മദ്യം മണക്കുന്നതായി റിപ്പോര്‍ട്ട്.

ജനപക്ഷയാത്രയില്‍ ഉടനീളം മദ്യം മണക്കുന്നതായി റിപ്പോര്‍ട്ട്.

Written By Unknown on Tuesday, 25 November 2014 | 21:52

കോട്ടയം: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ ജനപക്ഷയാത്രയില്‍ ഉടനീളം മദ്യം മണക്കുന്നതായി റിപ്പോര്‍ട്ട്. യാത്രയ്ക്കിടെ തൃശൂരില്‍ ഉയര്‍ന്നുകേട്ട ബാറുടമകളില്‍ നിന്നുള്ള പണപ്പിരിവ് മറ്റു ജില്ലകളിലും നടക്കുന്നതായി ഒരു ന്യൂസ് ചാനല്‍ തെളിവുസഹിതം പുറത്തുവിട്ടു. കോട്ടയത്ത് ജനപക്ഷയാത്രയ്ക്ക് മുന്നോടിയായി കള്ളുഷാപ്പ് ഉടമകളില്‍ നിന്നും എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ ഡി.സി.സി നേതാക്കള്‍ പണം സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പണപ്പിരിവ് സംബന്ധിച്ച് ഒരു കള്ള്ഷാപ്പ് ഉടമയുമായി ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയും ഒരു കെ.പി.സി.സി സെക്രട്ടറിയും തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് എക്‌സൈസ് സി.ഐയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത്. കള്ള് ഷാപ്പ് ഉടമകളുടെ യോഗത്തിനെത്തിയ ഷാപ്പുടമയെ എക്‌സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ സി.ഐ, ഡി.സി.സി പ്രസിഡന്റിന്റെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പില്‍ എത്തിക്കുകയായിരുന്നു. എത്ര രൂപയാണ് നല്‍കിയതെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ സി.ഐ, 50,000 രൂപയെങ്കിലും നല്‍കികാണുമെന്ന് ചാനലിന്റെ ഒളികാമറയില്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ എക്‌സൈസ് ഓഫീസില്‍ എത്തിയ മാധ്യമ പ്രതിനിധിയോടാണ് പണം നല്‍കിയ വിവരം ഓഫീസര്‍ അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയ ഫോണില്‍ വിളിച്ച മാധ്യമ പ്രതിനിധിയോട് കള്ളുഷാപ്പ് ഉടമയും ഇക്കാര്യം സമ്മതിച്ചു.
അതേസമയം, ആരോപണം ടോമി കല്ലാനി നിഷേധിച്ചു. തന്നെയും സുധീരനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനാണ് എക്‌സൈസ് ഓഫീസര്‍ ആരോപണം നടത്തിയത്. പണം പിരിക്കാന്‍ എക്‌സൈസ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യരഹിത കേരളം എന്ന ആശയവുമായി ജനപക്ഷയാത്ര നടത്തുന്ന സുധീരന്റെ യാത്രയിലുടെനീളം മദ്യത്തിന്റെ പണം പിരിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തിരുവില്വാമലയില്‍ ബാറുടമയില്‍ നിന്ന് പണം സ്വീകരിച്ച മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടാണ് സുധീരന്‍ നടപടി സ്വീകരിച്ചത്. മദ്യക്കച്ചവടക്കാരുടെ പണവും വോട്ടും വേണ്ടെന്ന് കഴിഞ്ഞ ദിവസം സുധീരന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിയിലും മുന്നണിയില്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കുന്നതിനിടെയാണ് പുതിയ ആരോപണം ഉയര്‍ന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.