Home » » മദ്യനയത്തെച്ചൊല്ലി ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും കൊമ്പുകോര്‍ക്കുന്നു.

മദ്യനയത്തെച്ചൊല്ലി ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും കൊമ്പുകോര്‍ക്കുന്നു.

Written By Unknown on Wednesday, 3 December 2014 | 17:54

തിരുവനന്തപുരം : മദ്യനയത്തെച്ചൊല്ലി  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനും കൊമ്പുകോര്‍ക്കുന്നു. യു.ഡി.എഫ്‌. പ്രഖ്യാപിച്ച മദ്യനയത്തില്‍ ചില പ്രായോഗികമാറ്റങ്ങള്‍ വരുത്തുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്‌തമാക്കി. എന്നാല്‍, യു.ഡി.എഫ്‌. കൂട്ടായി തീരുമാനിച്ച മദ്യനയത്തില്‍ മാറ്റംവരുത്തേണ്ട കാര്യമില്ലെന്നു സുധീരന്‍ ജനപക്ഷയാത്രയ്‌ക്കിടെ തിരിച്ചടിച്ചു. മുഖ്യമന്ത്രി നിയമസഭയില്‍ അങ്ങനെ പ്രഖ്യാപിച്ചത്‌ എന്തുകൊണ്ടാണെന്നറിയില്ല. സര്‍ക്കാര്‍നയങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ കോടതിവിധികളുണ്ടാകരുതെന്നും ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കിയതാണു മദ്യനയമെന്നും സുധീരന്‍ പറഞ്ഞു.
സുധീരന്റെ പ്രതികരണത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വൈകിട്ടു പത്രസമ്മേളനത്തില്‍ മറുപടി നല്‍കി. മദ്യനയം സംബന്ധിച്ച പ്രായോഗികവിമര്‍ശനങ്ങള്‍ സര്‍ക്കാരിനു പരിശോധിക്കേണ്ടിവരുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. യു.ഡി.എഫില്‍ ചര്‍ച്ചചെയ്‌തു മാത്രമേ ഇതുസംബന്ധിച്ച ഏതു തീരുമാനവും കൈക്കൊള്ളൂ. മദ്യനിരോധനവും വര്‍ജനവും യോജിപ്പിച്ചു കൊണ്ടുപോകണമെന്ന നിലപാടാണു സര്‍ക്കാരിന്‌. 10 വര്‍ഷം കഴിയുമ്പോള്‍ മദ്യനയം സംസ്‌ഥാനത്തു പൂര്‍ണമായി നടപ്പാകും. നിലവിലുള്ള ബിയര്‍ പാര്‍ലറുകള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനയത്തിന്റെ അടിസ്‌ഥാനസ്വഭാവത്തില്‍ മാറ്റമുണ്ടാവില്ലെങ്കിലും കോടതിവിധിയും പല കോണുകളില്‍നിന്നുയര്‍ന്ന നിര്‍ദേശങ്ങളുമുള്‍ക്കൊണ്ടു ചില പ്രായോഗികമാറ്റങ്ങള്‍ വരുത്തുമെന്നാണു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്‌തമാക്കിയത്‌. 22 ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ക്കു ലൈസന്‍സ്‌ നല്‍കണമെന്ന കോടതിവിധി സര്‍ക്കാരിന്റെ അലംഭാവംകൊണ്ടാണെന്നു ചൂണ്ടിക്കാട്ടി തോമസ്‌ ഐസക്‌ അവതരണാനുമതി തേടിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു.
മന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഭയന്നാണു താന്‍ ബാര്‍ കോഴ സംബന്ധിച്ചു സഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇടപെടാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാന്‍ ശ്രമിച്ചാല്‍ എന്തുവിലകൊടുത്തും എതിര്‍ക്കും. അഴിമതിയുടെ പേരില്‍ പുകമറ സൃഷ്‌ടിച്ചാല്‍ പിന്മാറില്ല. മദ്യനയത്തില്‍ വിനോദസഞ്ചാരമേഖലയ്‌ക്കും തൊഴിലാളികള്‍ക്കും ആശങ്കയുണ്ട്‌. അതെല്ലാം പരിശോധിച്ചു പ്രായോഗികമാറ്റങ്ങള്‍ കൊണ്ടുവരും. മദ്യനയം പെട്ടെന്നെടുത്ത തീരുമാനമല്ല. യു.ഡി.എഫ്‌. പ്രകടനപത്രികപ്രകാരം മദ്യലഭ്യത കുറയ്‌ക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്‌. പാതയോരങ്ങളിലെ മദ്യചില്ലറവില്‍പനകേന്ദ്രങ്ങള്‍ മാറ്റാനുള്ള കോടതി നിര്‍ദേശം ഗൗരവമായെടുക്കും. നിലവാരമില്ലാത്ത 418 ബാറുകള്‍ റഗുലറൈസ്‌ ചെയ്യാന്‍ യോഗ്യമല്ലെന്നാണു സി.എ.ജി. വ്യക്‌തമാക്കിയത്‌- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.