Home » » മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

Written By Unknown on Wednesday, 3 December 2014 | 01:56

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ കേരളത്തിന് വീണ്ടും തിരിച്ചടി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുള്ള വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് തള്ളിയത്. ഇതോടെ കേസില്‍ കേരളത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഇനി തെറ്റുതിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുക മാത്രമാണ് കേരളത്തിനു മുന്നിലുള്ള നിയമസാധ്യത.
കേരളത്തിന്റെ പുനഃപരിശോധനാ ഹര്‍ജിക്കെതിരെ തമിഴ്‌നാടും മുല്ലപ്പെരിയാര്‍ നിരീക്ഷണ സമിതി അധ്യക്ഷനും മുന്നോട്ടുവച്ച വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നും അതിനാല്‍ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തുന്നതില്‍ അപാകതയില്ലെന്നും നിരീക്ഷണ സമിതി അധ്യക്ഷന്‍ വ്യക്തമാക്കി. ജലനിരപ്പ് ഉയര്‍ത്താന്‍ ഭരണഘടനാ ബെഞ്ചാണ് നേരത്തെ തമിഴ്‌നാടിന് അനുമതി നല്‍കിയത്.
പുനഃപരിശോധനാ ഹര്‍ജി തള്ളിയെങ്കിലും കേരളം മുന്‍പ് സമര്‍പ്പിച്ച ഒരു ഇടക്കാല ഹര്‍ജി കോടതിയുടെ പരിഗണയിലുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന വാദങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിന് കഴിഞ്ഞാല്‍ മുല്ലപ്പെരിയാര്‍ നിവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ജലനിരപ്പ് ഉയര്‍ത്താവൂ, തമിഴ്‌നാട്ടിലെ വൈഗാ അണക്കെട്ടിലെ സംഭരണശേഷി ഉറപ്പാക്കണം, കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അധ്യക്ഷനായി എത്തുന്ന ജലകമ്മീഷന്‍ നാഥന്‍ തമിഴ്‌നാട് സ്വദേശിയായതിനാല്‍ കേരളത്തിന് നീതി ലഭിക്കില്ലെന്ന പരാതിയും കേരളം ഉന്നയിച്ചിട്ടുണ്ട്. ഇതിനു പുറമേ മുല്ലപ്പെരിയാറില്‍ കൂടുതല്‍ ടണലുകള്‍ സ്ഥാപിച്ച് തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതിനുള്ള സംവിധാനമുണ്ടാക്കണമെന്ന നിരീക്ഷണ സമിതിയുടെ നിര്‍ദേശവും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തില്‍ കേരളത്തിന് ഇനിയുള്ള പ്രതീക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുമായുള്ള സൗഹൃദം മുതലെടുത്ത് അവരെ അനുനയിപ്പിക്കാനുള്ള സമ്മര്‍ദ്ദമാണ് കേരളം നടത്തേണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഇതിനായി വൈകാതെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചേക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.