തൃശൂര്‍: അരക്കുപ്പി മദ്യത്തിനു വേണ്ടി നടന്ന അടിപിടിക്കിടെ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. അടാട്ട് കോള്‍പാടത്ത് കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹം കൊലപാതകത്തിനുശേഷം ഉപേക്ഷിച്ചതാണെന്നു അന്വേഷണത്തില്‍ വ്യക്തമായി. ചിറ്റിലപ്പിള്ളി ചവറാട്ടില്‍ വീട്ടില്‍ ജിനേഷ് (29), ഉടലക്കാവ് പെരേപ്പാടന്‍ വീട്ടില്‍ റാഫി (40) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് അടാട്ട് ചാത്തന്‍ കോള്‍പടവില്‍ ചവറാട്ടില്‍ വീട്ടില്‍ കൃഷ്ണനെ(48) മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.
പ്രതികളിലൊരാളായ റാഫിയുടെ കാലിലെ വേദന ഉഴിഞ്ഞു ശരിപ്പെടുത്താന്‍ ശനിയാഴ്ച രാത്രി റാഫിയും ജിനേഷും കൃഷ്ണനെ തേടിയെത്തുകയായിരുന്നു. പ്രത്യേകതരം പുല്ല് കൂട്ടി തിരുമ്മുന്നതിനായി കൃഷ്ണന്‍ ഇവരെ വീടിനു സമീപത്തെ പാടത്തേക്കു കൊണ്ടുപോയി. തിരുമ്മല്‍ ചികിത്സയ്ക്കു ഒരു കുപ്പി മദ്യമാണ് പ്രതികള്‍ കൃഷ്ണന് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് പാടത്ത് മദ്യപിച്ചു കൊണ്ടിരിക്കെ മദ്യത്തിന്റെ അളവിനെ ചൊല്ലി തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ കൃഷ്ണന്‍ മദ്യക്കുപ്പിയുമായി ഓടുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴിനല്‍കി. പിന്തുടര്‍ന്നെത്തിയ റാഫിയും ജിനേഷും കൃഷ്ണനെ പാടത്തിട്ട് മര്‍ദിച്ചു.
നെഞ്ചിനും ആന്തരാവയവങ്ങള്‍ക്കും ഏറ്റ ക്ഷതമാണ് കൃഷ്ണന്റെ മരണത്തിനിടയാക്കിയത്. മൃതദേഹം പാടത്ത് ഉപേക്ഷിച്ച് മുങ്ങിയ പ്രതികള്‍ പൂമല കാട്ടില്‍ ഒളിച്ചുതാമസിച്ചു. ഒളിത്താവളം മാറാനൊരുങ്ങവെ കുറ്റുമുക്കില്‍ നിന്നാണ് പിടിയിലായത്. ഒന്നാം പ്രതി ജിനേഷ് വിവിധ അടിപിടികേസുകളിലും വിഗ്രഹ കവര്‍ച്ചകേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. ജയചന്ദ്രന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ സി.ഐ. ബിജുകുമാര്‍, എസ്.ഐ: സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. എ.എസ്.ഐമാരായ ഗോപി, ജെയ്‌സണ്‍, രാമചന്ദ്രന്‍, സീനിയര്‍ സി.പി.ഒ ബിനന്‍, രാജന്‍, ജയചന്ദ്രന്‍, സി.പി.ഒ. പ്രശാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.







