ശ്രീനഗര്‍:ജമ്മു കശ്മീര്‍ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. ഝാര്‍ഖണ്ഡില്‍ ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 41 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയേക്കുമെന്നാണ് സൂചന. അവസാന നിമിഷം വരെ ഈ നില തുടരാനായില്ലെങ്കില്‍ തൂക്കു സര്‍ക്കാരിനുള്ള സാധ്യതയാണ് തെളിയുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിലെ ആവേശം അവസാനം വരെ തുടരാന്‍ ബി.ജെ.പിക്കായില്ല. കയ്യില്‍ വന്ന ഝാര്‍ഖണ്ഡ് മികച്ച ഭൂരിപക്ഷം ബി.ജെ.പിക്ക് നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഝാര്‍ഖണ്ഡിലെ 81 സീറ്റുകളില്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ 53 സീറ്റില്‍ ലീഡ് നിലനിര്‍ത്തിയ ബി.ജെ.പിക്ക് പിന്നീട് ലീഡ് നില 41 സീറ്റുകളിലേക്ക് ചുരുക്കേണ്ടിവന്നു. കോണ്‍ഗ്രസ് ഏഴു സീറ്റിലും ജെ.എം.എം 18 സീറ്റിലും ജെ.വി.എം ഏഴു സീറ്റിലും മറ്റുള്ളവര്‍ ഒമ്പത് സീറ്റിലും ഒതുങ്ങി.
ജമ്മു കശ്മീരിലെ 87 സീറ്റുകളില്‍ ബി.ജെ.പി ലക്ഷ്യംവച്ച മിഷന്‍ 44പ്ലസ് നേടാനായില്ല. വോട്ടെണ്ണലിലെ ഒരു ഘട്ടത്തില്‍ 35 സീറ്റില്‍ വരെ ലീഡ് ഉറപ്പിച്ച ബി.ജെ.പിക്ക് പിന്നീട് 25 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നു. പി.ഡി.പിയാണ് ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. 31 സീറ്റുകള്‍ പി.ഡി.പിക്ക് ലഭിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് 12 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മറ്റുള്ളവര്‍ ആറിടത്തും ലീഡ് ചെയ്യുന്നു.
അതേസമയം, പ്രമുഖര്‍ തോല്‍വി അറിഞ്ഞ തെരഞ്ഞെടുപ്പ് കൂടിയാണിത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സോണാവാറില്‍ പരാജയപ്പെട്ടു. പി.ഡി.പി സ്ഥാനാര്‍ഥി മുഹമ്മദ് അഷ്‌റഫ് മീറിനോട് 5000 വോട്ടുകള്‍ക്കാണ് തോറ്റത്. ബീര്‍വാഹയില്‍ ഒമര്‍ ലീഡ് ചെയ്യുന്നുണ്ട്. കശ്മീര്‍ ഉപമുഖ്യമന്ത്രി താരാചന്ദ് തോറ്റു. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോടയാണ് പരാജയമറിഞ്ഞ മറ്റൊരു പ്രമുഖന്‍. ബാബുലാല്‍ മറാന്‍ഡി, ഷിബു സോറന്‍ എന്നിവര്‍ ഓരോ സീറ്റുകളില്‍ പിന്നിലാണ്.
അതിനിടെ, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമായി. ജമ്മുവില്‍ പി.ഡി.പിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിലെ സ്ഥിതിയില്‍ ഇരുവര്‍ക്കും കൂടി 44 സീറ്റുകളോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. എന്നാല്‍ കേന്ദ്രത്തില്‍ അധികാരം പങ്കിട്ടുകൊണ്ട് ബി.ജെ.പിക്കൊപ്പം ചേരാനും പി.ഡി.പിയിലെ ചില നേതാക്കള്‍ക്ക് താല്‍പര്യമുണ്ട്.








