ജന്മാഷ്‌ടമി പുരസ്‌കാര സമര്‍പ്പണം കഥകളി ആചാര്യന്മാരുടെ സമാഗമമായി മാറി
അതൊരപൂര്‍വ്വ സംഗമമായിരുന്നു....
കഥകളി ലോകത്തെ ദീപ്‌തപ്രഭയാര്‍ന്ന രണ്ട് താരകങ്ങള്‍ ഒരു വേദിയില്‍ ജ്വലിച്ചു നിന്നു...പരസ്‌പരം വണങ്ങി; കെട്ടിപ്പുണര്‍ന്നു.
കല്ലടിക്കോടന്‍ ചിട്ടയുടെ ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും, കല്ലുവഴി ചിട്ടയുടെ ഗുരുനാഥന്‍ കലാമണ്ഡലം ഗോപി ആശാനും. രണ്ടുപേരും കഥകളി അരങ്ങുകള്‍ക്കായി ജീവിതം ഉഴിഞ്ഞ് വെച്ചവര്‍; ആട്ടവിളക്കിലെ ദീപപ്രഭപോലെ കലാലോകത്തിനായി സ്വയം സമര്‍പ്പിച്ചവര്‍ കൃഷ്‌ണകിരീടം ശിരസ്സിലണിഞ്ഞ് കഴിഞ്ഞാല്‍, ഈ തൊണ്ണൂറ്റി എട്ടാം വയസ്സിലും സ്വയം മറന്നാടുന്ന ഗുരു ചേമഞ്ചേരി അരങ്ങിലെ എക്കാലത്തേയും വിസ്‌മയമാണ്. നവരസങ്ങളിരമ്പിയെത്തുന്ന ആ മുഖത്ത് പ്രായാധിക്യത്തിന്റെ ചലനങ്ങള്‍ കടന്നു വന്നിട്ടേയില്ല. സൂക്ഷ്‌മാഭിനയത്തില്‍ ഏറെ ശ്രദ്ധേയനായ ഗോപിയാശാന്റെ നളവേഷമാകട്ടെ, ആസ്വാദകര്‍ക്ക് എത്രകണ്ടാലും മതിവരാത്ത വേറിട്ട അനുഭവമാണ്.
`ബാലസംസ്‌കാര കേന്ദ്ര'ത്തിന്റെ ജന്മാഷ്‌ടമി പുരസ്‌കാര സമര്‍പ്പണവേദിയായിരുന്നു അത്.
കലയുടെയും സംസ്‌കാരത്തിന്റെയും ഉദാത്തഭാവഗരിമകള്‍ നിറഞ്ഞു നിന്നവേദിയില്‍ കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ജന്മാഷ്‌ടമി പുരസ്‌കാരം ഏറ്റുവാങ്ങി. പത്മശ്രീ കലാമണ്ഡലം ഗോപി പുരസ്‌കാരം സമര്‍പ്പിച്ച നിമിഷം, കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലെ നിറഞ്ഞുകവിഞ്ഞ ജനാവലി ഭക്തിനിര്‍ഭരമായി ഏറ്റുവാങ്ങി.
വേദിയിലെത്തിയ ഗോപിയാശാന്‍, ഗുരുചേമഞ്ചേരിയുടെ പാദങ്ങള്‍ തൊട്ടു നമസ്‌കരിച്ച ശേഷം ആലിംഗനം ചെയ്‌തു. ഗുരുവാകട്ടെ ഗോപിയാശാനെ ഗാഢംപുണര്‍ന്ന് ആ പാദങ്ങളില്‍ നമസ്‌കരിക്കാന്‍ തുനിഞ്ഞു. ഗോപിയാശാനാകട്ടെ സ്‌നേഹപൂര്‍വ്വമാ ഉദ്യമത്തെ തടഞ്ഞു. ഡോ. കെ. പി. പ്രഭാകരന്‍നായര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.
`തന്റെ കലാതപസ്യ തൊണ്ണൂറ്റി എട്ടാം വയസ്സിലും അവിശ്രമം തുടരുന്ന ഗുരു ചേമഞ്ചേരി കൈരളിക്ക് ലഭിച്ച വരദാനമാണ്.' ദൈവാനുഗ്രഹത്താല്‍ പകര്‍ന്ന് നല്‍കാന്‍ അദ്ദേഹം കാണിക്കുന്ന ആര്‍ജ്ജവം അത്രയേറെ മഹത്വമേറിയതാണ്. എന്നിട്ടും കഥകളി രംഗത്തെ ആചാര്യനായ അദ്ദേഹത്തെ അറിഞ്ഞാദരിക്കാന്‍ പൊതുസമൂഹം ഏറെ വൈകിപ്പോയിരിക്കുന്നു...' ചിദാനന്ദപുരി സ്വാമിജിയുടെ ഏറെ പ്രസക്തമായ വാക്കുകള്‍.
ഗുരുവുമൊത്തുള്ള ജീവിതാനുഭവങ്ങള്‍ ഒന്നൊന്നായി ഓര്‍ത്തെടുത്തുകൊണ്ടാണ് ഗോപി ആശാന്‍ സംസാരിച്ചു തുടങ്ങിയത്. തന്റെ ഷഷ്‌ടിപൂര്‍ത്തി ആഘോഷത്തിന് ഗുരുവായൂരിലെത്തി അനുഗ്രഹിച്ച ഗുരുവിന് ഈ വേദിയില്‍ ഗുരുവായൂരപ്പന്റെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കാന്‍ ലഭിച്ച അവസരം മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്... അദ്ദേഹത്തിന്റെ മൂത്തമകനോ, മുതിര്‍ന്ന ശിഷ്യനോ ആകാനുള്ള പ്രായമാണ് എനിക്കുള്ളത്. എന്നിട്ടും ഞാനദ്ദേഹത്തെ നമസ്‌കരിച്ചപ്പോള്‍ തിരിച്ച് എന്നെയും നമസ്‌കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത് ആ വലിയ മനുഷ്യന്റെ മനസ്സിന്റെ നന്മയാണ് വെളിവാക്കുന്നത്.'
ഒരു പുത്രനോടുള്ള വാത്സല്യമാണ് എനിക്കദ്ദേഹം പകര്‍ന്ന് തന്നിട്ടുള്ളത്. സ്‌നേഹസമ്പന്നനായ ഈ ആചാര്യന്‍ നമ്മുടെ ഒക്കെ സുകൃതമാണ്. എളിമയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ആ മഹത്വം നമ്മുടെ കലാകരന്മാര്‍ കണ്ടുപഠിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന....
ഗുരുവിനെ നോക്കി കൈകൂപ്പി സംസാരിച്ചു കൊണ്ടിരിക്കെ പലപ്പോഴും ഗോപി ആശാന് വാക്കുകള്‍ പാതിവഴിയില്‍ ഇടറി.
`പത്മ'പോലുള്ള കേന്ദ്രപുരസ്‌കാരങ്ങള്‍ ഇനിയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. കാരണം അദ്ദേഹം പിറന്നത് കേരളത്തിലാണല്ലോ-രാഷ്‌ട്രീയ സാമ്പത്തിക പ്രമാണികളുടെ പിടിവലികള്‍ക്കനുസരിച്ചാണിങ്ങനെ പലപ്പോഴും കേന്ദ്രപുരസ്‌കാരങ്ങള്‍ വീതംവെച്ച് നല്‍കുന്നത്. അതിനിടയില്‍പ്പെട്ട് ഗുരുവിനെപോലെ അര്‍ഹതയുള്ള പലരും അവഗണിക്കപ്പെട്ടുപോവുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ നാം മാതൃകയാക്കേണ്ടതാണ്. ആചാര്യസ്ഥാനീയരെ അറിഞ്ഞാദരിക്കാന്‍ അവിടെ അവര്‍ മുന്‍നിരയിലാണ്. ആ വിധത്തില്‍ ഗുരു കാരണവന്മാരെ അറിഞ്ഞാദരിക്കാനുള്ള പ്രവണത നമ്മുടെ മനസ്സിലും വളരട്ടെ എന്ന പ്രാര്‍ത്ഥനയാണ് എനിക്കുള്ളത്. ഗോപി ആശാന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്‌ട്രീയ സ്വയം സേവക'സംഘം ധനകാര്യവകുപ്പ് കെ.സി.കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. `കൃഷ്‌ണനും രാമനും ഏകതയുടെ പ്രതീകങ്ങളാണ്. അത്തരം മൂല്യങ്ങളുടെ അന്തഃസത്ത തിരിച്ചറിഞ്ഞ് മുന്നേറാന്‍ പുതുതലമുറകള്‍ക്ക് കഴിയണം. ഭാരതത്തില്‍ മതം പോലും കലയും സാഹിത്യവുമായി ഒന്നുചേര്‍ന്ന് നില്‍ക്കുന്നു. ആ വിധത്തില്‍, പുതുതലമുറകള്‍ക്ക് മാര്‍ഗ്ഗം തെളിയിപ്പിക്കുന്ന ഋഷി തുല്യനായ കലാകാരനാണ് ഗുരു ചേമഞ്ചേരി''-അദ്ദേഹം വ്യക്തമാക്കി.
ഡോ. കെ. എം - പ്രിയദര്‍ശന്‍ ലാല്‍ ഗുരുവിനെ പരിചയപ്പെടുത്തി. ബാലസംസ്‌കാര കേന്ദ്രം അധ്യക്ഷന്‍ ആമേടം വാസുദേവന്‍ നമ്പൂതിരി, പ്രശസ്‌തി പത്രം സമര്‍പ്പിച്ചു. ബാലഗോകുലം സംസ്ഥാനപ്രസിഡന്റ് ടി. പി. രാജന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി വി. ഹരികുമാര്‍, പട്ടയില്‍ പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പി. വീരേന്ദ്ര കുമാറിന്റെ സന്ദേശം, ശ്രീധരന്‍ മാസ്റ്റര്‍ വായിച്ചു. പിന്നിട്ട നാള്‍വഴികളേയും ഈ പ്രായത്തിലും തളരാതെ ചുട്ടി കുത്തി അരങ്ങിലെത്താന്‍ അനുഗ്രഹിക്കുന്ന ഭഗവാന്റെ കടാക്ഷത്തെയും അനുസ്‌മരിച്ചുകൊ ണ്ടുള്ള ഗുരുവിന്റെ മറുപടി പ്രസംഗം അതീവ പ്രാധാന്യത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
ഗുരു ചേമഞ്ചേരിയുടെ കലയേയും ജീവിതത്തേയും ആധാരമാക്കി `ഗുരുവന്ദനം' ഫോട്ടോപ്രദര്‍ശനമൊരുക്കിയ ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം. ആര്‍. ദിനേശ് കുമാറിനെ വേദിയില്‍ ആദരിച്ചു. ഭാരതീയ ദര്‍ശനങ്ങളുടെ മഹത്വവും ശക്തിയും, സ്‌നേഹധാരകളും തിരിച്ചറിയുന്നവര്‍ എന്നെന്നും മനസ്സില്‍ സൂക്ഷിക്കുന്ന അപൂര്‍വ്വ സാംസ്‌കാരിക കൂട്ടായ്‌മയായിരുന്നു `ജന്മാഷ്‌ടമി പുരസ്‌കാര' സമര്‍പ്പണ വേദി.







