Home » » ഭൂമിയും പ്രകൃതിയും, കാവുകളും നാം മനുഷ്യരും - പ്രൊഫ. ശോഭീന്ദ്രന്‍.

ഭൂമിയും പ്രകൃതിയും, കാവുകളും നാം മനുഷ്യരും - പ്രൊഫ. ശോഭീന്ദ്രന്‍.

Written By Unknown on Tuesday, 14 January 2014 | 19:53

സൂര്യ കുടുംബത്തിലെ മൂന്നാം ഗ്രഹമായ ഭൂമി, മുക്കാല്‍ ഭാഗം കടലും കാല്‍ ഭാഗം കരയുമുള്ള ജീവന്റെ വാസസ്ഥാനമാണ്‌. ഇങ്ങനെ മറ്റൊരിടം ഈ മഹാപ്രപഞ്ചത്തില്‍ ഉണ്ടോ എന്ന്‌ മനുഷ്യന്‌ അറിയില്ല. കണ്ടതില്‍നിന്ന്‌ കാണാത്തതിലേക്കും, കണ്ടെത്തിയതില്‍ നിന്ന്‌ വീണ്ടും കണ്ടെത്താനുള്ളതിലേക്കും സ്വപ്‌ന-മനന യാത്ര ചെയ്യുന്ന ജീവിയാണ്‌ മനുഷ്യന്‍. ഭൂമിയാകുന്ന ജീവന്‍-തുരുത്തില്‍ നിന്നുകൊണ്ട്‌ പ്രപഞ്ച ഗഹനതയിലേക്ക്‌ അവന്റെ കണ്ണും മനസ്സും അന്വേഷണ യാത്ര ചെയ്‌തു കൊണ്ടിരിക്കുന്നു. തന്റെ വീടും കൂടുമായ ഭൂമിയുടെ ഭൗതികാംശങ്ങളിലേക്കും ജീവിലോകത്തിന്റെ സ്രോതസ്സായ ജീവനിലേക്കും മനുഷ്യന്‍ ഗവേഷണയാത്ര തുടരുകയാണ്‌.
മനുഷ്യനൊഴികെ മറ്റുള്ള ജീവ-ജീവിജാലങ്ങള്‍ പ്രപഞ്ച സൃഷ്‌ടിതമായ പ്രകൃതിയില്‍, പ്രകൃതിയോട്‌ ചേര്‍ന്ന്‌, പ്രകൃതിയുടെ ഭാഗമായി, പ്രകൃതി തന്നെയായി ജീവിക്കുന്നു. എന്നാല്‍ മനുഷ്യന്‍ പ്രകൃതിയെ തന്റെ ചിന്താനുസൃതം ഉപയോഗിച്ചുകൊണ്ടും ചൂഷണം ചെയ്‌തുകൊണ്ടും തന്റേതായ ലോകം സൃഷ്‌ടിക്കുന്നു; തന്റേതായ ജീവിതകഥ രചിക്കുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള വികസനയാത്രയില്‍ ഏത്‌ ഇടത്തില്‍ സംഭവിക്കുന്ന പ്രകൃതിനാശവും ഭൂമിയിലെ മൊത്തം പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന്‌ നമുക്കറിയാം. പ്രകൃതിയുടെ ആഭേദ്യ അംശങ്ങളായ സര്‍വജീവ ജാലങ്ങളേയും മനുഷ്യന്റെ സ്വാര്‍ത്ഥ ചെയ്‌തികള്‍ വിനാശകരമായി ബാധിക്കുന്നുണ്ട്‌.
ആദിയില്‍, ഭൂമിയിലെ കാല്‍ഭാഗം കരയില്‍ മുന്നില്‍ രണ്ടു ഭാഗത്തോളം വനങ്ങളായിരുന്നു എന്ന്‌ പറയപ്പെടുന്നു. അക്കാലത്ത്‌ മനുഷ്യന്‍ വന്യജീവികളോടൊപ്പം വനത്തില്‍ തന്നെയാണ്‌ ജീവിച്ചിരുന്നത്‌. കൃഷിയിലേക്കും വിളവെടുപ്പിനായുള്ള കാത്തിരിപ്പിലേക്കും ജീവിത സുരക്ഷിതത്വത്തിലേക്കും വികസിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ കാട്‌ വെട്ടിമാറ്റി നാട്‌ സൃഷ്‌ടിച്ചുകൊണ്ടിരുന്നു. ജനസംഖ്യാ വര്‍ധനവിനനുസരിച്ച്‌ നാടിന്റെ വിസ്‌തൃതി ശോഷിച്ചുവരികയും ചെയ്‌തു.. കാലക്രമേണ നിബിഢവനങ്ങളിലേക്കുള്ള ദൂരം കൂടിക്കൂടി വന്നു. ചരിത്രപരമായി വനവുമായുള്ള ആത്മബന്ധത്തിന്റെ തിരുശേഷിപ്പുകളായി ഓരോ നാട്ടിലും സമൂഹം നിലനിര്‍ത്തിയ കാടിന്‍ തുരുത്തുകളാണ്‌ കാവുകള്‍.
കാവ്‌ : തായ്‌ വീട്‌
അമ്മവീടായി കാടിനെ സമൂഹമധ്യത്തില്‍ നിലനിര്‍ത്താനുള്ള ചോദന മനുഷ്യരക്തത്തിലൂടെ, സമൂഹ മനസ്സിലൂടെ ഇന്നും പ്രസരിച്ചു കൊണ്ടിരിക്കുന്നു. ജനനീസങ്കല്‍പത്തില്‍, ദേവീസങ്കല്‍പത്തില്‍, ദൈവസങ്കല്‍പത്തില്‍, അനാദികാലം മുതലേ സംരക്ഷിച്ചു നിലനിര്‍ത്തപ്പെടുന്ന കാവുകളാകുന്ന കാടുകള്‍ നാടിന്റെ ജീവകേന്ദ്രങ്ങളാണ്‌. ജീവവായുവും ജീവജലവും പ്രദാനം ചെയ്യുന്ന, ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന, ജീവജാലങ്ങള്‍ക്ക്‌ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്ന കാവുകള്‍ ജീവന്റെ സ്രോതസ്സുകളാണ്‌.
നാടാവുന്ന സമൂഹശരീരത്തിലെ ഹൃദയവും ശ്വാസകോശവുമായി വര്‍ത്തിക്കുന്ന കാവുകളുടെ പ്രസക്തിയും പ്രാധാന്യവും തലമുറകളിലേക്ക്‌ പകര്‍ന്നു നല്‍കേണ്ടതായ ഉത്തരവാദിത്തം നമുക്കുണ്ട്‌.
കാട്‌ മുടിയും കാലം
ഭൂമിയുടെ കാല്‍ഭാഗം കരയില്‍ മൂന്നില്‍ ഒരു ഭാഗം തന്നെയെങ്കിലും വനമായി നിലനിര്‍ത്തേണ്ടത്‌ ജീവന്റെ ക്ഷേമകരമായ നിലനില്‍പ്പിന്‌ അനിവാര്യമാണെന്ന്‌ നാം മനസ്സിലാക്കുന്നു. പക്ഷേ, കാട്‌ നാടാക്കിക്കൊണ്ടുള്ള നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന്‌ അനിവാര്യമാണെന്ന്‌ നാം മനസ്സിലാക്കുന്നു. പക്ഷേ, കാട്‌ നാടാക്കിക്കൊണ്ടുള്ള നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഓസോണ്‍ സംരക്ഷണമണ്ഡലത്തിന്റെ തകര്‍ച്ചയും ആഗോളതാപനവും മഞ്ഞുരുകലും സമുദ്രനിരപ്പുയരലും കാലാവസ്ഥ വ്യതിയാനവും ജലക്ഷാമവും വരള്‍ച്ചയും കൃഷിനാശവും ഭക്ഷ്യക്ഷാമവുമെല്ലാം നാം ഭയപ്പാടോടെ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്ന കാലമാണിത്‌.
എന്താണ്‌ പോംവഴി?
രക്ഷാമാര്‍ഗം എവിടെയാണ്‌? `ആഗോള താപനം : മരമാണ്‌ മറുപടി' എന്ന്‌ കേരള വനം വകുപ്പ്‌ ആഹ്വാനം ചെയ്‌തുകൊണ്ടിരിക്കുന്നു. മരം തന്നെയാണ്‌ മറുപടി. വൃക്ഷനിബിഢമായ വനങ്ങള്‍ സംരക്ഷിക്കപ്പെട്ടേ തീരൂ. വനവല്‍കരണത്തിലൂടെ വനവിസ്‌തൃതി വര്‍ധിപ്പിക്കുകതന്നെ വേണം. കാലത്തില്‍, വിശ്വാസത്താലും ആചാരങ്ങളാലും അനുഷ്‌ഠാനങ്ങളാലും സംരക്ഷിച്ച്‌ കാത്തുനിലനിര്‍ത്തപ്പെട്ട കാവുകളെ യാതൊരു പോറലുമില്ലാതെ നിലനിര്‍ത്തേണ്ടതുണ്ട്‌. ക്ഷയിച്ചുകൊണ്ടിരിക്കുന്നവ പുനരുദ്ധീകരിക്കേണ്ടതുമുണ്ട്‌. കാവ്‌ സംരക്ഷണ സമിതികളെ ബോധവല്‍ക്കരിച്ച്‌ പ്രബലപ്പെടുത്തേണ്ടതുണ്ട്‌. ഗ്രാമത്തിന്റെ സൂക്ഷ്‌മകാലാവസ്ഥയെ നിര്‍ണയിക്കുന്ന, ജൈവവൈവിധ്യ കലവറയായി വര്‍ത്തിക്കുന്ന നാട്ടിലെ കാടുകളായ കാവുകള്‍ പരിപോഷിപ്പിച്ച്‌ നിലനിര്‍ത്തേണ്ടത്‌ നമ്മുടെ കടമയാണ്‌. ഇക്കാര്യം സാദ്ധ്യമാക്കാന്‍ നമുക്ക്‌ എന്തെല്ലാം ചെയ്യാന്‍ കഴിയും?
കാവുകള്‍ പ്രകൃതിപഠന കേന്ദ്രങ്ങളാവണം :
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രകൃതിബോധം നല്‍കാന്‍ വ്യക്തമായ പ്രവര്‍ത്തന പദ്ധതികളോടെയുള്ള പ്രകൃതി പഠന-സംരക്ഷണ കേന്ദ്രങ്ങളായി കാവുകള്‍ വര്‍ത്തിക്കണം. കാവുകളിലെ കാടുകളിലേക്ക്‌ സ്വതന്ത്ര പ്രവേശം അനുവദിക്കാതെ തന്നെ, ഏറ്റവും അടുത്ത സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമായിരിക്കും അഭികാമ്യം. കാവ്‌ സംരക്ഷണസമിതി അംഗങ്ങള്‍. ഗ്രാമപഞ്ചായത്ത്‌ പ്രതിനിധികള്‍, സ്‌കൂള്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രദേശത്തെ പരിസ്ഥിതി സംഘടനകളിലേയും പ്രവര്‍ത്തകര്‍-എന്നിവര്‍ അടങ്ങുന്നതും വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതുമായ പ്രകൃതി പഠന കേന്ദ്രങ്ങള്‍ക്കാണ്‌ രൂപം നല്‍കേണ്ടത്‌. പഠനത്തിന്‌ ആധാരമായി പ്രകൃതി-പരിസ്ഥിതി, കാവ്‌-വന-നീര്‍ത്തട സംരക്ഷണ പാഠങ്ങള്‍ നല്‍കുന്ന ഒരു കൈപ്പുസ്‌തകവും ഉണ്ടായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്കു പ്രകൃതി സംരക്ഷണ അവബോധം നല്‍കാനായി പ്രവര്‍ത്തിക്കുന്ന ഇത്തരം പ്രകൃതിപഠന കേന്ദ്രങ്ങള്‍ സ്വാഭാവികമായും മൊത്തം സമൂഹത്തെ ബോധവല്‍കരിക്കുന്ന കേന്ദ്രങ്ങളായി വികസിച്ചി വരും.
നമ്മുടെ തലമുറ പുതിയ കാവുകള്‍ക്കു ജന്മം കൊടുക്കണം
കേരളം എന്ന ഈ പ്രദേശത്ത്‌ കഴിഞ്ഞ കാലത്ത്‌ ജീവിച്ചുപോയ മനുഷ്യര്‍ വിശ്വാസത്തിന്റെയോ അന്ധവിശ്വാസ''ത്തിന്റെയോ പേരില്‍ സംരക്ഷിച്ചു നിലനിര്‍ത്തിപ്പോന്ന നാട്ടിലെ കുഞ്ഞുവനങ്ങളായ കാവുകള്‍ എത്രമാത്രം ഉണ്‍മയും നന്മയുമാകുന്ന അറിവ്‌ ഉള്‍ക്കൊണ്ടതാണ്‌ എന്ന്‌, ഇന്ന്‌ നാം മനസ്സിലാക്കുന്നു. പ്രകൃതിസംരക്ഷണം എന്ന ജീവന്‍ രക്ഷാമാര്‍ഗത്തെക്കുറിച്ച്‌, ഏറെ അറിയുകയും പഠിക്കുകയും പ്രബോധനം നല്‍കുന്നവരുമൊക്കെയാണല്ലോ നാം. നമുക്ക്‌ എന്തുകൊണ്ട്‌ വരുംകാലത്തിലേക്ക്‌ ശാസ്‌ത്രീയമായ പ്രകൃതി വിശ്വാസം കേന്ദ്രമാക്കികൊണ്ടുള്ള പുതിയ കാവുകള്‍ നിര്‍മിച്ച്‌ കാലത്തിലേക്ക്‌ സംഭാവന ചെയ്‌തുകൂടെ? `ഓരോ ഗ്രാമത്തിലും മറ്റൊരു കാവ്‌' എന്ന ആശയം മുന്നില്‍ വെച്ചുകൊണ്ട്‌ നമുക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയുമോ? ഒരു കുന്നിലോ ഉപയോഗമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന പൊതു സ്ഥലത്തോ കാവിലെ സസ്യ-വൃക്ഷ വര്‍ഗങ്ങളെ കുടിപാര്‍പിക്കാന്‍ നമുക്ക്‌ തീര്‍ച്ചയായും കഴിയും. പിന്നാലെ ജന്തുപ്രാണി കീടങ്ങള്‍ ഇവിടേക്ക്‌ കുടിയേറി പാര്‍ക്കുകയും ചെയ്യും. പഴയ കാവുകളോട്‌ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രകൃതി പഠന കേന്ദ്രങ്ങള്‍ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കണം.
കാവിലെ വൃക്ഷങ്ങള്‍ നാട്ടിലെ പൊതുസ്ഥലങ്ങളില്‍ വളര്‍ത്തണം
നാട്ടിലെ വൃക്ഷങ്ങള്‍ മുഖ്യമായും ഫലവൃക്ഷങ്ങളും നാണ്യവിളകളായി വളര്‍ത്തുന്ന വൃക്ഷങ്ങളുമാണ്‌. നാട്ടില്‍ കാണാത്ത സവിശേഷ വംശ-വര്‍ഗ്ഗങ്ങളില്‍ പെടുന്ന വൃക്ഷങ്ങളും സസ്യങ്ങളുമാണ്‌ കാവുകളില്‍ പ്രധാനമായും കണ്ടുവരുന്നത്‌. ഇത്തരം വൃക്ഷങ്ങളുടെ തൈകളുണ്ടാക്കി പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും നട്ടുപിടിപ്പിക്കാന്‍ നമുക്ക്‌ കഴിയും. `റോഡിന്‌ ഇരുവശവും കാട്‌' എന്ന ആശയം മുന്നോട്ടുവെച്ച്‌ നമുക്ക്‌ പ്രവര്‍ത്തിക്കാം. നടപ്പാതകള്‍ക്കും അഴുക്കുചാലുകള്‍ക്കും ഇടംനല്‍കുന്നതുപോലെ റോഡിന്‌ ഇരുവശവും കാടിനുള്ള ഇടവും നാം കാണണം. കാര്‍ബണ്‍ മലിനീകരണത്തെ ചെറുക്കാനും റോഡില്‍ തണല്‍ വിരിച്ച്‌ യാത്ര സുഖാനുഭവമാക്കാനും ഇതുകൊണ്ട്‌ കഴിയും. വീതിയേറിയ പുതിയ റോഡുകളില്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പരിസ്ഥിതി-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെയും പങ്കാളിത്തത്തോടെ സംസ്ഥാനതലത്തില്‍ ഒരു വന്‍ പദ്ധതിയായി നടപ്പില്‍ വരുത്തേണ്ട കാര്യമാണിത്‌.
ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കാവിന്റെ ആവാസവ്യവസ്ഥ ആഗോളതാപനത്താലും കാലാവസ്ഥാ വ്യതിയാനത്താലും മനുഷ്യരുടെ കടന്നുകയറ്റത്താലും കാലക്രമത്തില്‍ ക്ഷയിക്കാന്‍ ഇടയാകും. കാവുകളും കാവുകളും തമ്മില്‍..... കാവുകളും നാടുകളും തമ്മില്‍.... ഒരു ജൈവബന്ധം വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചാണ്‌ നാം ചിന്തിക്കേണ്ടത്‌. വരാന്‍ പോകുന്ന കൊടിയ ചൂടിനേയും വരള്‍ച്ചയേയും നേരിടാന്‍, ഭൂമിയിലെ ജീവാന്തരീക്ഷത്തെ സംരക്ഷിച്ചു നിലനിര്‍ത്താന്‍, ജീവവായുവിനെയും ജീവജാലത്തെയും സംശുദ്ധമായി നിലനിര്‍ത്താന്‍, ഭൂമിയാകുന്ന ജീവനെ കാലത്തില്‍ തലമുറകളിലേക്ക്‌ സ്‌നേഹോപഹാരമായി കൈമാറാന്‍, കേരളം എന്ന ഭൂപ്രദേശത്ത്‌ ഇന്ന്‌ ജീവിക്കുന്ന നാം മനുഷ്യര്‍ ഗഹനമായി ചിന്തിച്ച്‌ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.