Home » » ചൈനയില്‍ ബിസിനസ്‌ തേടി ഐബിഎം

ചൈനയില്‍ ബിസിനസ്‌ തേടി ഐബിഎം

Written By Unknown on Thursday, 13 February 2014 | 10:13

ബെയ്‌ജിംഗ്‌: അമേരിക്കന്‍ സര്‍ക്കാരിന്റെ ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ ചൈനയില്‍ തങ്ങളുടെ ബിസിനസ്‌ താഴുന്നതിനു പരിഹാരം തേടി പ്രമുഖ കംപ്യൂട്ടര്‍ കമ്പനിയായ ഐബിഎം(ഇന്റര്‍നാഷണല്‍ ബിസിനസ്‌ മെഷീന്‍) ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജിന്നി റൊമേട്ടി ബെയ്‌ജിംഗിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സര്‍വീസ്‌ സ്ഥാപനമായ ഐബിഎമ്മിന്റെ മേധാവിയുടെ സന്ദര്‍ശനം അസാധാരണം എന്നാണു നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്‌.

സര്‍ക്കാര്‍ വക്താക്കളുമായി മൂന്നുദിവസത്തെ ചര്‍ച്ചയാണു നടത്തുന്നത്‌. വിക്കിലീക്‌സ്‌ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സോഫ്‌റ്റ്‌വേര്‍ സ്ഥാപനങ്ങള്‍ക്കു ചൈന കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിവരുകയാണ്‌. ഇതേത്തുടര്‍ന്ന്‌ ഐബിഎം, സിസ്‌കോ സിസ്റ്റം തുടങ്ങിയ സ്ഥാപനങ്ങളുടെ വില്‍പ്പന ഇടിഞ്ഞു. വില്‍പ്പന പിടിച്ചുനിര്‍ത്തുന്നതിനായി ചൈനീസ്‌ അധികൃതരുടെ വിശ്വാസം തിരികെ കൊണ്‌ടുവരിക എന്നതാണ്‌ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

ചൈനീസ്‌ കമ്പനികളെ അധികൃതര്‍ കാര്യമായി പ്രോത്‌സാഹിപ്പിച്ചുകൊണ്‌ടിരിക്കുകയാണ്‌. ചൈനയുടെ സാമ്പത്തിക നയത്തിന്റെ വക്‌താവു കൂടിയായ ഉപപ്രധാനമന്ത്രി വാംഗ്‌ യാംഗിനെവരെ റൊമേട്ടി കാണുന്നുണ്‌ട്‌. കഴിഞ്ഞ വര്‍ഷം പകുതിയോടെ ചൈനയില്‍ ഐബിഎമ്മിന്റെ വില്‍പ്പന 20% ആണു കുറഞ്ഞത്‌. ലോകത്തിലെ രണ്‌ടാമത്തെ സമ്പദ്‌വ്യവസ്ഥയില്‍ തങ്ങള്‍ക്കു തിരിച്ചടി നേരിടുന്നതു ഐബിഎമ്മിനെ വല്ലാതെ വിഷമിപ്പിക്കുകയാണ്‌. കഴിഞ്ഞമാസം അവര്‍ കുറഞ്ഞവിലയുടെ സെര്‍വറുകള്‍ ചൈനീസ്‌ കമ്പനിയായ ലെനോവോയ്‌ക്കു നല്‍കാന്‍ കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇതേച്ചൊല്ലിയുള്ള സന്ദേഹം തുടരുകയാണ്‌. പത്തുവര്‍ഷം മുമ്പ്‌ ഐബിഎമ്മിന്റെ തിങ്ക്‌പാഡ്‌ ബിസിനസ്‌ ലെനോവൊ വാങ്ങിയിരുന്നു.

ഇതു രണ്‌ടാംതവണയാണ്‌ ഐബിഎം ഉന്നതര്‍ ചൈനയിലെത്തുന്നത്‌. കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ കാര്യങ്ങളുടെ ചുമതലയുള്ള മേധാവി ക്രിസ്റ്റഫര്‍ പാഡിലയെ അയച്ചു. അന്ന്‌ പാഡില ചൈനീസ്‌ ഉന്നതരെ കണ്‌ടിരുന്നു. എന്നാല്‍ കാര്യമായ പ്രയോജനമുണ്‌ടായില്ല.

വിക്കിലീക്‌സ്‌ സ്ഥാപകന്‍ എഡ്വേര്‍ഡ്‌ സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ക്കു ശേഷം വിവരങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ചൈന മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കുന്നതിന്‌ ഐബിഎമ്മിനു കഴിഞ്ഞില്ലെന്നു റിപ്പോര്‍ട്ടുണ്‌ടായിരുന്നു. പുതിയ സാഹചര്യത്തില്‍ അമേരിക്കന്‍ ക്ലൗഡ്‌ കംപ്യൂട്ടിംഗ്‌ വ്യവസായങ്ങളുടെ ആഗോള വില്‍പ്പനയില്‍ അടുത്തമൂന്നുവര്‍ഷം 3500 കോടി ഡോളര്‍ നഷ്‌ടപ്പെടുമെന്നാണ്‌ കണക്കാക്കുന്നത്‌.

ചൈനയിലെ ഉപയോക്‌താക്കളുടെ വിവരങ്ങള്‍ യുഎസ്‌ ദേശീയ സുരക്ഷാ ഏജന്‍സി(എന്‍എസ്‌എ)യുമായി പങ്കുവയ്‌ക്കുന്നതിന്‌ ഐബിഎം യുഎസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്ക്‌ ഒത്താശ നിന്നുവെന്ന്‌ ആരോപണമുണ്‌ടായി.

എന്നാല്‍ ഈ ആരോപണം നിഷേധിച്ച കമ്പനി ഇക്കാര്യം കോടതിയില്‍ നേരിടുമെന്നു പ്രഖ്യാപിച്ചിരുന്നു. ഐബിഎം കംപ്യൂട്ടര്‍, സെര്‍വര്‍, സ്റ്റോറേജ്‌ ആഗോള വില്‍പ്പനയില്‍ 15% ചൈനയിലാണ്‌. എന്നാല്‍ ഹാര്‍ഡ്‌വേറിന്റെ കാര്യത്തില്‍ 40% വിപണി പങ്കാളിത്തം ചൈനയിലെ കമ്പനികള്‍ക്കാണ്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.