നാദാപുരം: മകളുടെ
പഠനത്തിനായി ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്തിനെ തുടര്‍ന്ന്
ജയിലിലായ ജോസഫിനെ (76) സിപിഐ എം ഇടപെട്ട് മോചിപ്പിച്ചു. ബാങ്കില്‍ പണം അടച്ച സിപിഐ
എം പ്രവര്‍ത്തകര്‍, ശനിയാഴ്ച വടകര സബ്കോടതിയില്‍ നിന്ന് വിടുതല്‍ ഉത്തരവ് വാങ്ങി
കണ്ണൂര്‍ ജയിലിലെത്തിച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്.
മകള്‍ ഷെറിന്റെ നേഴ്സിങ്
പഠനത്തിന് എസ്ബിടി ചീക്കോന്ന് ശാഖയില്‍ നിന്നെടുത്ത ഒന്നേകാല്‍ ലക്ഷം രൂപ
തിരിച്ചടയ്ക്കാനാവാതെ വന്നതിനാണ് വിലങ്ങാട്ടെ നാഗത്തിങ്കല്‍ ജോസഫിനെ മൂന്നു മാസം
തടവിനു ശിക്ഷിച്ചത്. സിപിഐ എം ജില്ലാനേതൃത്വം എസ്ബിടി റീജിനല്‍ മാനേജറുമായി ചര്‍ച്ചചെയ്ത്
പണം ബാങ്കില്‍ അടച്ചു. രാത്രിയോടെ ജോസഫിനെ വീട്ടിലെത്തിച്ചു.
തന്നെയും കുടുംബത്തെയും രക്ഷിച്ച പ്രസ്ഥാനത്തോട് തീരാത്ത കടപ്പാടുണ്ടെന്ന് ജോസഫ്
മാധ്യമങ്ങളോട് പറഞ്ഞു.
പലിശ അടയ്ക്കാനാവാത്ത
പ്രയാസം കോഴിക്കോട്ടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ
അറിയിച്ചതാണ്. എന്നാല്‍ സഹായിച്ചില്ല. ബംഗളൂരു സെന്റ് ജോസഫ്സ് സ്കൂള്‍ ഓഫ്
നേഴ്സിങ് കോളേജില്‍ ജനറല്‍ നേഴ്സിങ്ങ് കോഴ്സ് പൂര്‍ത്തിയാക്കിയ മകള്‍ക്ക്
തിരുവനന്തപുരത്ത് സ്വകാര്യ ക്ലിനിക്കില്‍ ജോലികിട്ടിയെങ്കിലും ചെറിയ
ശമ്പളമേയുണ്ടായിരുന്നുള്ളു. ഇതിനാല്‍ കടം തിരിച്ചടയ്ക്കാനായില്ല. ഹൃദ്രോഗിയായ
ജോസഫിന് ജോലിക്ക് പോകാനും കഴിഞ്ഞില്ല. ചില കടലാസുകളില്‍ ഒപ്പിടുവിക്കാനെന്ന്
പറഞ്ഞാണ് ബാങ്ക് അധികൃതര്‍ കൂട്ടിക്കൊണ്ടുപോയി ജയിലിലടച്ചത്.







