കോഴിക്കോട്: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനുമുമ്പില്‍
നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന് അഭിവാദ്യവുമായി ആയിരക്കണക്കിന്
വീട്ടമ്മമാര്‍ അണിനിരന്ന വിലാപറാലി. ജില്ലയില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളായി
പ്രഖ്യാപിച്ച ഒമ്പതു വില്ലേജുകളില്‍നിന്നുള്ള വീട്ടമ്മമാരാണ് കറുത്ത ബാഡ്ജ്
ധരിച്ച് റാലിയില്‍ പങ്കാളികളായത്.
പ്രശ്നത്തില്‍ കേന്ദ്ര-
സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന നിസ്സംഗതക്കെതിരായ താക്കീതായി റാലി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടക്കംചെയ്ത ശവപ്പെട്ടിയുമായി
എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫീസിനടുത്തുനിന്നാണ് റാലി ആരംഭിച്ചത്. പശ്ചിമഘട്ടം
യുഎന്നിനും വിദേശ രാഷ്ട്രങ്ങള്‍ക്കും പണയം വയ്ക്കാനുള്ള നീക്കത്തിനെതിരെയുള്ള
പ്ലക്കാര്‍ഡുകളായിരുന്നു ഏറെയും. കലക്ടറേറ്റിനുമുമ്പില്‍ സമരപ്പന്തലിനുസമീപം ചേര്‍ന്ന
റാലി കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു.
നാലുദിവസമായി
നിരാഹാരമനുഷ്ഠിക്കുന്ന താമരശേരി രൂപതാംഗം ഫാദര്‍ അജി പുതിയാപറമ്പില്‍, സി എന്‍
പുരുഷോത്തമന്‍(തിരുവമ്പാടി), ജോയി കണ്ണന്തറ(കാവിലുമ്പാറ), ഒ ഡി തോമസ് (കട്ടിപ്പാറ)
എന്നിവരെ നാലു വീട്ടമ്മമാര്‍ ഹാരാര്‍പ്പണം നടത്തി. ഫാദര്‍ ആന്റണി കൊഴുവിനാല്‍
അധ്യക്ഷനായി. ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്
അംഗം എളമരം കരീം എംഎല്‍എ, ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, ഇ കെ വിജയന്‍
എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള, ബോസ് ജേക്കബ്, കട്ടപ്പന ഇമാം
മൗലവി മുഹമ്മദ് റഫീക്ക് കൈസരി, സിസിലി കരിമ്പാച്ചേരി, കെ എന്‍ ചന്ദ്രന്‍, ഫാദര്‍
സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ടി ജെ ടെന്നിസണ്‍, ജെന്നറ്റ് മാത്യു, ഡെയ്സി
പുന്നത്താനം എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ചാക്കോ കാളംപറമ്പില്‍ സ്വാഗതവും ബേബി
പെരുമാലില്‍ നന്ദിയും പറഞ്ഞു







