Home » » സരിതാ നായരുടെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അയിഷാപോറ്റി

സരിതാ നായരുടെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അയിഷാപോറ്റി

Written By Unknown on Saturday, 1 March 2014 | 23:03

കൊട്ടാരക്കര: രശ്മിവധക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണനെ സംരക്ഷിച്ചത് അയിഷാപോറ്റി എം.എല്‍.എ. ആണെന്ന സരിതാ നായരുടെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എം.എല്‍.എ. രശ്മി വധിക്കപ്പെടുമ്പോള്‍ താനല്ല ആര്‍.ബാലകൃഷ്ണപിള്ളയായിരുന്നു കൊട്ടാരക്കരയിലെ എം.എല്‍.എ. ബിജു തന്നെ കാണാന്‍ ഒരിക്കല്‍പ്പോലും വന്നിട്ടില്ല. 

വലിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ സരിത ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തോ ലക്ഷ്യങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് അടുത്തതോടെ തന്നെ ആരോപണങ്ങളിലൂടെ അപമാനിച്ച് നേട്ടം കൊയ്യാമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ അത് വിജയിക്കില്ല. അയിഷാപോറ്റി ആരാണെന്ന് കൊട്ടാരക്കരയിലെ ജനങ്ങള്‍ക്ക് നല്ലപോലെ അറിയാം. വക്കീലായ താന്‍ ക്രിമിനല്‍ കേസുകള്‍ വാദിക്കാറില്ലായിരുന്നു. 


ആ നിലയിലും ബിജു രാധാകൃഷ്ണനെ സംരക്ഷിച്ചിട്ടില്ല. ലക്ഷങ്ങള്‍ നല്‍കി സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കുന്ന സരിതയുടെ ധനസ്രോതസ് സംബന്ധിച്ചും സരിതയെ സഹായിച്ചവരെ സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതില്‍നിന്ന് മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും രാഷ്ട്രീയമായി നേട്ടം കൊയ്യാനും ചിലര്‍ തയ്യാറാക്കിയ പദ്ധതിയാണ് സരിതയുടെ പുതിയ ആരോപണം-അയിഷാപോറ്റി എം.എല്‍.എ. പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.