Home » » രാധ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം പ്രക്ഷോഭത്തിലേക്ക്‌.

രാധ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം പ്രക്ഷോഭത്തിലേക്ക്‌.

Written By Unknown on Saturday, 1 March 2014 | 17:50


നിലമ്പൂര്‍: നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെ അന്വേഷണ നിലപാടുകളില്‍ അതൃപ്‌തി അറിയിച്ചു സിപിഎം നിലമ്പൂര്‍ കേന്ദ്രീകരിച്ച്‌ കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. സിപിഎം കൂടി ആവശ്യപ്പെട്ടതനുസരിച്ച്‌ അന്വേഷണ സംഘങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും മണ്ഡലം എംഎല്‍എ കൂടിയായ ആര്യാടന്‍ മുഹമ്മദ്‌ മന്ത്രിസ്ഥാനത്തിരുന്നുകൊണ്‌ട്‌ നടത്തുന്ന അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന്‌ പ്രചരിപ്പിച്ചാണ്‌ സിപിഎം പ്രക്ഷോഭം നടത്തുന്നത്‌.

ഇതിന്റെ ഭാഗമായി തിങ്കളാഴ്‌ച കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ വനിതാ കൂട്ടായ്‌മ സംഘടിപ്പിക്കും. യോഗത്തില്‍ രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന അന്വേഷണം ഫലപ്രദമാക്കാന്‍ ആര്യാടന്‍ മുഹമ്മദ്‌ മന്ത്രി സ്ഥാനത്തു നിന്ന്‌ മാറി നില്‍ക്കണമെന്ന്‌ ആവശ്യപ്പെടും. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ രാജി ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നാളെ നഗരസഭയിലേക്ക്‌ മാര്‍ച്ച്‌ നടത്തും. ചൊവ്വാഴ്‌ച ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കൊല്ലപ്പെട്ട രാധയുടെ ചിത്രം പ്രധാന തെരുവോരങ്ങളില്‍ പതിച്ചു കൊണ്‌ടുള്ള പ്രചാരണം സംഘടിപ്പിക്കും. കൊലപാതകകേസിന്റെ അന്വേഷണം ഫലപ്രദമായി നടത്തണമെന്നാണ്‌ അസോസിയേഷനും ഉന്നയിക്കുന്ന ആവശ്യം. മാര്‍ച്ച്‌ ആറ്‌, ഏഴ്‌ തിയതികളില്‍ നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ കുറ്റവിചാരണ എന്ന പേരില്‍ കൊലക്കേസിന്റെ അന്വേഷണ രീതിക്കെതിരെ പ്രചാരണം നടത്താനും പാര്‍ട്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്‌ട്‌. പത്തിന്‌ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ മലപ്പുറം എസ്‌പി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തും. പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം കോടിയേരി നിലമ്പൂരിലെത്തി രാധയുടെ വീട്‌ സന്ദര്‍ശിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.