Home » » വാക്കുകളിലും പ്രവൃത്തികളിലും ഞാനെന്ന ചിന്ത മാറ്റി വി.എം. സുധീരന്‍ നമ്മള്‍ എന്ന ചിന്തയിലേക്കു വളരണമെന്ന്‌ ഷാനിമോള്‍.

വാക്കുകളിലും പ്രവൃത്തികളിലും ഞാനെന്ന ചിന്ത മാറ്റി വി.എം. സുധീരന്‍ നമ്മള്‍ എന്ന ചിന്തയിലേക്കു വളരണമെന്ന്‌ ഷാനിമോള്‍.

Written By Unknown on Friday, 9 May 2014 | 02:25

ആലപ്പുഴ: വാക്കുകളിലും പ്രവൃത്തികളിലും ഞാനെന്ന ചിന്ത മാറ്റി വി.എം. സുധീരന്‍ നമ്മള്‍ എന്ന ചിന്തയിലേക്കു വളരണമെന്ന്‌ ഷാനിമോള്‍ ഉസ്‌മാന്‍. കെ.പി.സി.സി. പ്രസിഡന്റ്‌ എന്ന നിലയില്‍ സഹിഷ്‌ണുത കാട്ടാനുള്ള വിശാല മനസ്‌കത സുധീരന്‍ പ്രകടിപ്പിക്കണം. താന്‍ കത്ത്‌ നല്‍കിയത്‌ കെ.പി.സി.സി. പ്രസിഡന്റിനാണ്‌. അതാര്‍ക്കും ചോര്‍ത്തിയിട്ടില്ല. പാര്‍ട്ടി രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്കുണ്ട്‌. ദൗര്‍ഭാഗ്യവശാല്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍പോലും ചിലര്‍ ചോര്‍ത്തുന്നു. അടച്ചിട്ട മുറിയില്‍നിന്നു കാര്യങ്ങള്‍ പുറത്തുപോകുന്നു. പാര്‍ട്ടി നേതൃത്വത്തിന്‌ ഏറ്റവും കൂടുതല്‍ കത്തെഴുതിയിട്ടുള്ളയാളാണ്‌ സുധീരന്‍. പാര്‍ട്ടിയില്‍ ഗുണപരവും മാതൃകാപരവുമായ മാറ്റങ്ങള്‍ക്കുവേണ്ടിയാണ്‌ കത്ത്‌ നല്‍കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായവാദം. എന്റെ കത്തിനു പിന്നിലും മറ്റു ലക്ഷ്യങ്ങളില്ല.

വി.എം. സുധീരനെ പോലെ വിശ്വാസ്യതയുള്ള ഒരു നേതാവില്‍ നിന്നുണ്ടായ  പരാമര്‍ശം വ്യക്‌തി ജീവിതത്തിലും സാമുദായികമായും സാമൂഹികമായും കളങ്കമായി. അതു കുടുംബം തകര്‍ക്കുന്നതിന്‌ തുല്യമായിരുന്നു. ആക്ഷേപം തെളിയിക്കാന്‍ സുധീരന്‍ ബാധ്യസ്‌ഥനാണ്‌. തെളിവുകളില്ലെങ്കില്‍ പൊതുജന മധ്യത്തില്‍ അക്കാര്യം തുറന്നുപറയാന്‍ തയ്യാറാകണം. 30 വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുകയാണ്‌. ദൈവത്തിന്റെ കരുതലാണ്‌ ശക്‌തി. രാഷ്‌ട്രീയത്തില്‍ ഒരു തടവറയിലും തന്നെയിടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആരുടേയും കളിപ്പാവയോ മൈക്കോ ആയി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നു സുധീരനു നന്നായി അറിയാം.

 ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നതു സത്യമാണ്‌. പ്രോട്ടോകോള്‍ പ്രകാരം ആലപ്പുഴ ജില്ലയിലെ ആദ്യ 10 നേതാക്കളില്‍ ഉള്‍പ്പെടുന്നയാളാണ്‌ ഞാന്‍. കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പുകാലത്ത്‌ സ്‌ഥാനാര്‍ഥികള്‍ നേതാക്കളെ ബന്ധപ്പെട്ട്‌ സഹായം അഭ്യര്‍ഥിക്കുന്ന അനൗപചാരികമായ കീഴ്‌വഴക്കം നടപ്പുണ്ട്‌. എന്നാല്‍ വേണുഗോപാലില്‍ നിന്ന്‌ ഒരു ഫോണ്‍ കോള്‍ പോലുമുണ്ടായില്ല. എന്റെ വീടിനു വാരകള്‍ അടുത്തെത്തി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടും ഒന്നുകാണാന്‍ പോലും കൂട്ടാക്കിയില്ല. മറ്റ്‌ പലരേയും വിളിച്ചതായും കണ്ടതായും അറിയാം. എന്റെ സാന്നിധ്യം അദ്ദേഹത്തിന്‌ അസൗകര്യമാണെന്ന്‌ ബോധ്യപ്പെട്ടതിനാലാണ്‌ അങ്ങോട്ടുപോയി പ്രചാരണം നടത്താതിരുന്നത്‌. ആലത്തൂര്‍, ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രചാരണം നടത്തി. വേണുഗോപാലിനെതിരായ വിമര്‍ശനങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു.


രാഷ്‌ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നയാളെന്ന നിലയില്‍ പാര്‍ലമെന്ററി മോഹമുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സീറ്റ്‌ പ്രതീക്ഷിച്ചിരുന്നു. എല്ലാ രാഷ്‌ട്രീയക്കാര്‍ക്കും പ്രതീക്ഷയും മോഹവും മോഹഭംഗവുമൊക്കെയുണ്ട്‌. പദവിയാണു രാഷ്‌ട്രീയ ഭാവിയെന്നു കരുതുന്നില്ല. രാഷ്‌ട്രീയത്തില്‍ എനിക്ക്‌ ഗോഡ്‌ഫാദര്‍മാരില്ല. കോണ്‍ഗ്രസിലെ കമ്യൂണിറ്റി ക്വാട്ടയും മാനേജ്‌മെന്റ്‌ ക്വാട്ടയുമൊക്കെ പരിഗണിച്ചാല്‍ ഇത്രയും ഉയരാന്‍ എനിക്കു കഴിയുമായിരുന്നില്ല. പൂര്‍ണമായും മെറിറ്റിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇവിടെ വരെ എത്താന്‍ കഴിഞ്ഞത്‌. ഇപ്പോഴത്തെ വിവാദത്തെ തുടര്‍ന്നു നിരവധി നേതാക്കളും പ്രവര്‍ത്തകരും പിന്തുണയറിയിച്ചിട്ടുണ്ട്‌.
സുധീരന്‍ തനിക്ക്‌ സ്‌ഥാനാര്‍ഥിത്വത്തിനായി വാദിച്ചിട്ടുണ്ടെങ്കില്‍ അതിനു നന്ദിയുണ്ട്‌. കെ.പി.സി.സി എക്‌സിക്യൂട്ടീവ്‌ കഴിഞ്ഞ്‌ 14 ദിവസങ്ങള്‍ക്കുശേഷമാണു കത്തയച്ചത്‌. അതുകൊണ്ടു തന്നെ ഗൂഢാലോചനയാണെന്ന വാദം നിലനില്‌ക്കുന്നില്ല. അഞ്ചുവര്‍ഷം മുമ്പുവരെ പെട്ടെന്ന്‌ പ്രതികരിക്കുന്ന സ്വഭാവമായിരുന്നു. എന്നാല്‍ എടുത്തുചാട്ടവും അപക്വമായ പ്രതികരണവും പാടില്ലെന്ന്‌ പലരും ഉപദേശിച്ചു. അതിനു ശേഷം കരുതലോടെയാണ്‌ ഓരോ ചുവടുവയ്‌പും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.