ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവിനെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊല്ലപ്പെടുത്തി കനാലില്‍ തള്ളി. വെസ്റ്റള ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവറും ഹൃദ്‌രോഗിയുമായ ദല്‍ജിത്ത് സിംഗി (56)നെയാണ് മകള്‍ കുല്‍വീന്ദര്‍ കൗര്‍ (23), സുഹൃത്തുക്കളായ പ്രിന്‍സ് സന്ദു (22), അശോക് ശര്‍മ്മ (23) എന്നിവര്‍ ചേര്‍ന്ന്‌കൊലപ്പെടുത്തിയത്. ഏപ്രില്‍ 30നായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കവേ ക്രിക്കറ്റ് സ്റ്റംപുകൊണ്ട് അടിച്ച് മൃതപ്രായനാക്കിയ ശേഷം നെഞ്ച് കീറി പേസ്‌മേക്കര്‍ പുറത്തെടുത്ത് മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹത്തിന്റെ കഴൂത്തും കൈകാലുകളും കേബിള്‍ ഉപയോഗിച്ച് വലിച്ചുമുറുക്കി. പിന്നീട് ഇന്നോവ കാറില്‍ കൊണ്ടുപോയി കനാലില്‍ തള്ളുകയായിരുന്നു. മൃതദേഹം കനാലില്‍ പൊങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കൗറിനെയും സംഘത്തെയും ഖയാല പോലീസ് തിങ്കളാഴ്ച അറസ്റ്റു ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ക്രിക്കറ്റ് സ്റ്റംപുകളും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കേബിള്‍ വയര്‍, മൊബൈല്‍ ഫോണ്‍, മൃതദേഹം കൊണ്ടുപോയ കാര്‍ എന്നിവ പോലീസ് കണ്ടെടുത്തു.
മൂന്നു വര്‍ഷം മുന്‍പ് അമ്മ മരിച്ചതു മുതല്‍ പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവരികയായിരുന്നുവെന്ന് കൗര്‍ പോലീസിന് മൊഴി നല്‍കി.







