തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മദ്യ ദുരന്തമുണ്ടാക്കാന്‍ സംഘടിത നീക്കമെന്ന് സംസ്‌ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ബാറുടമകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് മദ്യ ദുരന്തമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.
അതീവ ഗൗരവമുള്ളതാണ് റിപ്പോര്‍ട്ടെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ജില്ലയിലാകമാനം കര്‍ശന പരിശോധന നടത്താന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന് റെഡ് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. സ്‌ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൃശൂര്‍ എത്തും.
നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്‌ഥാനത്തെ നാനൂറിലേറെ ബാറുകള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ അനധികൃത മദ്യ വില്‍പന വ്യാപകമാണെന്നത് റിപ്പോര്‍ട്ടിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. തൃശൂര്‍ പൂരം പ്രമാണിച്ച് ജില്ലയില്‍ മദ്യ നിരോധനവും നടപ്പാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുന്പ് കെപിസിസി പ്രസിഡന്‍ഡ് വി എം സുധീരനും വിഷമദ്യ ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.








