വൈക്കം: താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ മൃതദേഹം ഉറുമ്പരിച്ച് വികൃതമാക്കിയതായി പരാതി. 27നാണ് സംഭവം. വൈക്കം മഹാദേവ ടി.ടി.ഐ വിദ്യാര്‍ത്ഥിനി ഏനാദി പാറപ്പുറത്ത് ഷാനിമോളുടെ മൃതദേഹമാണ് രാവിലെ പോസ്‌റ്റ്‌മോര്‍ട്ടത്തിന് എടുക്കാനൊരുങ്ങുമ്പോള്‍ ഉറുമ്പരിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.
ആശുപത്രി അധികൃതര്‍ മൃതദേഹത്തോട് കാണിച്ച അനാദരവിനെതിരേ വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രതിഷേധിച്ചു. ആശുപത്രി അധികൃതര്‍ക്കെതിരേ ശക്‌തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും യൂണിയന്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് യൂണിയന്‍ പരാതി നല്‍കും.
പ്രസിഡന്റ് പി.വി ബിനേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം.പി സെന്‍, പി.അമ്മിണിക്കുട്ടന്‍, എസ്.ഡി സുരേഷ്‌ബാബു, അഡ്വ. കെ.പി റോയ്, ദാമു, പി.പി സന്തോഷ്, കെ.വി പ്രസന്നന്‍ കെ.കെ വേലായുധന്‍, അനില്‍കുമാര്‍, ഇ.ഡി പ്രകാശന്‍, സുധീര്‍, സജിത് സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.







