തിരുവനന്തപുരം: വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ വെള്ളക്കരത്തില്‍ നേരിയ ഇളവിനു സാധ്യത. അധികനികുതി വര്‍ധനവിനെതിരേ വാളെടുത്ത കെ.പി.സി.സിയെ തള്ളിക്കൊണ്ട് വര്‍ധിപ്പിച്ച മറ്റു നികുതികള്‍ പിരിക്കാനുള്ള ഓര്‍ഡിനന്‍സിന് ഇന്നു മന്ത്രിസഭായോഗം അംഗീകാരം നല്‍കും.
സര്‍ക്കാരിനെ ഒറ്റപ്പെടുത്താനാണ് പാര്‍ട്ടി ശ്രമമെന്ന വിലയിരുത്തലാണ് കെ.പി.സി.സിയെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിനു പിന്നില്‍. മദ്യനയത്തിലെ അതേ നിലപാട് തന്നെ നികുതിക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്നതില്‍ അതൃപ്‌തിയുണ്ട്. പാര്‍ട്ടി പുനഃസംഘടനയെക്കുറിച്ചും ടി.എച്ച്. മുസ്‌തഫയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനെക്കുറിച്ചും സംസാരിക്കാനാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയേയും മന്ത്രി രമേശ് ചെന്നിത്തലയേയും കെ.പി.സി.സി ആസ്‌ഥാനത്ത് വിളിച്ചുവരുത്തിയത്.
അതിനിടയില്‍ വെള്ളക്കരവര്‍ധനയെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് പരാമര്‍ശിച്ചിരുന്നെങ്കിലും മറ്റുവിശദാംശങ്ങളൊന്നും ചര്‍ച്ചചെയ്‌തുമില്ല. എന്നിട്ട് മുഖ്യമന്ത്രിയും മറ്റും പോയ ഉടന്‍ തന്നെ മാധ്യമങ്ങളോട് ഇതേക്കുറിച്ച് വിശദീകരിച്ചത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണെന്നും ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. അധികവിഭവസമാഹരണത്തിനു നികുതിയേതരവരുമാനം കൂട്ടാനുള്ള നടപടികളും മന്ത്രിസഭ പരിഗണിക്കും. വര്‍ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കണമെന്ന് കെ.പി.സി.സി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതു പരിഗണിക്കില്ല. കെ.പി.സി.സി. പ്രതിപക്ഷത്തെപ്പോലെ പെരുമാറുന്നു എന്ന ആക്ഷേപമാണ് ഇതുകൊണ്ടുണ്ടായത്. മുന്‍കാലധനകാര്യ റിപ്പോര്‍ട്ടുകള്‍ പോലും പരിശോധിക്കാതെയാണ് കെ.പി.സി.സിയുടെ അഭിപ്രായമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കുടിശിക പിരിച്ചു ധനപ്രതിസന്ധി മറികടക്കാമെന്നത് അപ്രായോഗികമാണെന്നാണു സര്‍ക്കാര്‍ നിലപാട്. ഏറിയാല്‍ കുടിശികയില്‍ 40 ശതമാനം പിരിക്കാനാകും. അതിനുശേഷം എന്ത് എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. വിഭവസമാഹരണം കുറഞ്ഞതാണു ധനപ്രതിസന്ധിക്കു കാരണം. അതു പരിഹരിക്കാന്‍ വരുമാനമാര്‍ഗം കണ്ടെത്തുക തന്നെ വേണം. തല്‍ക്കാലത്തേക്കുള്ള കാര്യങ്ങള്‍ കണ്ട് നികുതിവര്‍ധന ഒഴിവാക്കിയാല്‍ ഭാവിയില്‍ സ്‌ഥിതി ഗുരുതരമാകുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്.
അധികനികുതി പ്രഖ്യാപിച്ചെങ്കിലും പിരിക്കുന്നതിനുള്ള നടപടികള്‍ക്കു രൂപം നല്‍കിയിരുന്നില്ല. ബജറ്റിലൂടെ പ്രഖ്യാപിക്കേണ്ട നികുതി മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത് നടപ്പാകണമെങ്കില്‍ ഓര്‍ഡിനന്‍സ് വേണ്ടിവരും. എന്നാല്‍ വെള്ളക്കരം, സേവനങ്ങള്‍ക്കുള്ള ഫീസുകളില്‍ വരുത്തിയ വര്‍ധന എന്നിവയ്‌ക്ക് ഓര്‍ഡിനന്‍സ് അനിവാര്യമല്ലെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ആ സാഹചര്യത്തില്‍ നികുതികളുടെ കാര്യത്തില്‍ ഓര്‍ഡിനന്‍സും മറ്റുള്ളവയ്‌ക്ക് സര്‍ക്കാര്‍ ഉത്തരവും ഇറക്കുന്നതിനുള്ള നടപടികള്‍ക്കായിരിക്കും ഇന്നത്തെ മന്ത്രിസഭ രൂപം നല്‍കുക. ഇനിയും നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതിനു പകരം നികുതിയേതര വരുമാനവര്‍ധനയെക്കുറിച്ചായിരിക്കും മന്ത്രിസഭ ആലോചിക്കുക. ഇതിനായി ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖരന്‍ അധ്യക്ഷനായി സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
ആഡംബരനികുതിയില്‍ വര്‍ധന ആലോചിക്കുന്നുണ്ട്. ഒന്നിലേറെ വാഹനങ്ങള്‍, വലിയ വിലയ്‌ക്കുള്ള വാഹനങ്ങള്‍ എന്നിവയ്‌ക്കു നികുതി വര്‍ധിപ്പിച്ചേക്കും. 2500 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തുന്നതും പരിഗണിക്കും. എന്നാല്‍ ആഡംബരവിവാഹങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി കോടതി റദ്ദാക്കിയ സംഭവം മുന്നില്‍ക്കണ്ട് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ഇവ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണു പരിഗണിക്കുന്നത്. ചെലവു ചുരുക്കുന്നതിനുള്ള നടപടികള്‍ക്കും മന്ത്രിസഭായോഗം രൂപം നല്‍കും. ഏറ്റവും പ്രധാനം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തിദിവസം അഞ്ചും പ്രവര്‍ത്തിസമയം രാവിലെ 9.30 മുതല്‍ അഞ്ചരവരെ ആക്കുന്നതിനുമാണ് നിര്‍ദേശം. ഇതിലൂടെ ഒരുദിവസത്തെ വൈദ്യുതി, വെള്ളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും.








