Home » » യുവതിയെ സദാചാര പോലീസ്‌ ചമഞ്ഞ്‌ കൊള്ളയടിച്ച നാലു പേരെ അറസ്‌റ്റ്‌ ചെയ്‌തു.

യുവതിയെ സദാചാര പോലീസ്‌ ചമഞ്ഞ്‌ കൊള്ളയടിച്ച നാലു പേരെ അറസ്‌റ്റ്‌ ചെയ്‌തു.

Written By Unknown on Saturday, 4 October 2014 | 20:41

പത്തനംതിട്ട: സുഹൃത്തിന്റെ വീട്ടില്‍ രാത്രിയെത്തിയ യുവതിയെ സദാചാര പോലീസ്‌ ചമഞ്ഞ്‌ കൊള്ളയടിച്ച നാലു ഓട്ടോ ഡ്രൈവര്‍മാരെ പോലീസ്‌ തന്ത്രപൂര്‍വം അറസ്‌റ്റ്‌ ചെയ്‌തു. ആനപ്പാറ തോലിയാനിക്കര വീട്ടില്‍ റിജു ഖാന്‍(22), നവാഫ്‌ ഷെരീഫ്‌ (23), മുഹമ്മദ്‌ ആഷിഖ്‌ (19), വലഞ്ചുഴി കോയിക്കല്‍മേലതില്‍ ഷെഫീഖ്‌ (21) എന്നിവരെയാണ്‌ എസ്‌.ഐ മനുരാജിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.
 
ഗാന്ധിജയന്തി ദിനത്തില്‍ രാത്രിയാണ്‌ കേസിനാസ്‌പദമായ സംഭവം. കുമ്പഴയില്‍ താമസിക്കുന്ന യുവതി വെട്ടിപ്രത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ രാത്രി ചെന്നതാണ്‌ സദാചാര പോലീസുകാരെ ചൊടിപ്പിച്ചത്‌. കുമ്പഴ മുതല്‍ ഓട്ടോറിക്ഷയില്‍ യുവതിയെ പിന്തുടര്‍ന്ന സംഘം സുഹൃത്തിന്റെ വീട്ടിലേക്ക്‌ അവര്‍ കയറിയപ്പോള്‍ പിന്നാലെ ചെന്ന്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ സുഹൃത്തിനേയും യുവതിയേയും ചേര്‍ത്തു നിര്‍ത്തി മൊബൈല്‍ കാമറയില്‍ ചിത്രങ്ങളും പകര്‍ത്തി.
 
ഉടന്‍ തന്നെ വീട്ടില്‍ നിന്നു പോകണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതിപ്പെടുമെന്നും സംഘം ഭീഷണിപ്പെടുത്തി. എന്നാല്‍, യുവതിയെ കൊണ്ടുവിടാന്‍ സുഹൃത്തിന്‌ വാഹനമില്ലായിരുന്നു. ഇതറിഞ്ഞപ്പോള്‍ ആ ദൗത്യവും സദാചാര പോലീസുകാര്‍ ഏറ്റെടുത്തു. തങ്ങള്‍ വന്ന ഓട്ടോറിക്ഷയില്‍ യുവതിയെ കയറ്റി കുമ്പഴയില്‍ കൊണ്ടുവിടാന്‍ ഇവര്‍ തയാറായി.
 
പോകുന്ന വഴി യുവതിയെ ഭീഷണിപ്പെടുത്തി ഏഴുഗ്രാമിന്റെ മാല, നാലു ഗ്രാമിന്റെ ബ്രേസ്‌ലെറ്റ്‌ ഒരു പവന്റെ വള എന്നിവ ഊരിവാങ്ങി. യുവതിയുടെ കൈയിലുണ്ടായിരുന്ന എ.ടി.എം കാര്‍ഡ്‌ ഉപയോഗിച്ച്‌ ബാങ്കില്‍ നിന്ന്‌ 1500 രൂപ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയും ചെയ്‌തു. വീട്ടില്‍ കൊണ്ടുവിടുന്നതിന്‌ മുന്‍പ്‌ യുവതിയുടെ ഫോണ്‍ നമ്പരും ചോദിച്ച്‌ മനസിലാക്കിയ പ്രതികള്‍ 25,000 രൂപ തന്നാല്‍ ആഭരണം തിരികെ കൊടുക്കാമെന്നും സമ്മതിച്ചു. ഭയന്നു പോയ യുവതി സംഭവം പുറത്താരോടും പറഞ്ഞില്ല.
 
ഇതിനിടെ വെള്ളിയാഴ്‌ച യുവതിയുടെ ഫോണിലേക്ക്‌ വിളിച്ച്‌ സംഘം 25,000 രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ്‌ ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്‌. യുവതിയില്‍ നിന്ന്‌ കാര്യങ്ങള്‍ മനസിലാക്കിയ പോലീസ്‌ പ്രതികള്‍ക്കായി വല വീശി. യുവതിയെക്കൊണ്ട്‌ പോലീസ്‌ സംഘാംഗങ്ങളെ വിളിപ്പിച്ച്‌ പണം നല്‍കാന്‍ താന്‍ തയാറാണെന്നും അതിനായി മുത്തൂറ്റ്‌ ആശുപത്രിയുടെ പാര്‍ക്കിംഗ്‌ ഏരിയയില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. നാലുപേരും ഒന്നിച്ച്‌ വരണമെന്നായിരുന്നു യുവതി പറഞ്ഞത്‌. ഇതനുസരിച്ച്‌ ആശുപത്രിയിലെത്തിയ സംഘത്തെ എ.എസ്‌.ഐമാരായ ഗോപകുമാര്‍, ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌് ഓഫീസര്‍മാരായ ഫസില്‍, ലിന്‍സണ്‍, ജോണ്‍, ബിജു, സിവില്‍ പോലീസ്‌ ഓഫീസര്‍ ഷെബീര്‍ എന്നിവര്‍ ചേര്‍ന്ന്‌ പിടികൂടുകയായിരുന്നു. യുവതിയില്‍ നിന്ന്‌ കൊള്ളയടിച്ച ആഭരണങ്ങളും പ്രതികളില്‍ നിന്ന്‌ കണ്ടെടുത്തു.
 
രണ്ടാം പ്രതി നവാഫ്‌ ഷെരീഫ്‌ മുന്‍പ്‌ തിരുവനന്തപുരം കന്റോണ്‍മെന്റ്‌ സ്‌റ്റേഷനിലും പത്തനംതിട്ടയിലും വാഹനമോഷണക്കേസില്‍ പ്രതിയാണ്‌. ഷോറൂമില്‍ നിന്ന്‌ പുത്തന്‍ബൈക്ക്‌ മോഷ്‌ടിക്കുന്നതാണ്‌ രീതി. പെരുന്നാള്‍ ആഘോഷിക്കുന്നതിന്‌ പണം കണ്ടെത്തുന്നതിന്‌ വേണ്ടിയാണ്‌ തങ്ങള്‍ കൊള്ളയ്‌ക്ക്‌ മുതിര്‍ന്നതെന്ന്‌ പ്രതികള്‍ പോലീസിനോട്‌ സമ്മതിച്ചു. ഇവരെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.