മലപ്പുറം : ഉമ്മറത്തെ അച്ചാര്‍ കട ജില്ലയുടെ ഉടമസ്ഥന് മാനക്കേടാവുന്നുണ്ടത്രേ. ഏമ്മാന്റെ ഗേറ്റിനു മുമ്പില്‍ അച്ചാറും മുറുക്കും പപ്പടവും വാഴപ്പിണ്ടിയുമൊക്കെയായി പട്ടിണിക്കോലങ്ങള്‍ ഇരിപ്പുറപ്പിച്ചത് ശകുനദോഷമല്ലാതെ മറ്റെന്താണ്. എടുത്തുമാറ്റാന്‍ തിരു സദസില്‍ വിളിച്ചുവരുത്തി തിട്ടൂരം നല്‍കിക്കഴിഞ്ഞു. വിപ്ലവകാലത്തെ മുതലാളിയുടെ കാര്യമല്ല ഇപ്പറഞ്ഞത്. മലപ്പുറം ജില്ലാ ഭരണാധികാരിയുടെ മനോനിലയെക്കുറിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്നലെ പങ്കുവെച്ച അഭിപ്രായമാണിത്.
കലക്‌ടറേറ്റ് പടിക്കല്‍ നടക്കുന്ന കുടുംബശ്രീ മാസച്ചന്ത നിര്‍ത്താന്‍ ചൊവ്വാഴ്‌ചയാണ് കലക്‌ടര്‍ കെ. ബിജു ആവശ്യപ്പെട്ടത്, വില്‍പ്പനക്കാരായ സ്‌ത്രീകളെ കലക്‌ടറുടെ ചേമ്പറിലേക്ക് വിളിച്ചവരുത്തി ചന്ത നിര്‍ത്താന്‍ നിര്‍ദ്ദേശവും നല്‍കി. 12 വര്‍ഷമായി സിവില്‍ സ്റ്റേഷന്‍ ഗേറ്റിനു മുമ്പില്‍ നടക്കുന്ന പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ വിപണനം കേന്ദ്രം മാറ്റണമെന്ന നിര്‍ദ്ദേശത്തിന്റെ കാരണം കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ചുപോവും. കലക്‌ടറേറ്റിന് മുമ്പിലെ കച്ചവടം മാനക്കേടാണത്രേ. സ്വന്തം വീടിനുമുമ്പില്‍ ആരെങ്കിലും ചായക്കട തുടങ്ങിയാല്‍ നിങ്ങള്‍ സമ്മതിക്കില്ലല്ലോ, അതുപോലെ കലക്‌ടറേറ്റിനു മുമ്പില്‍ അച്ചാറും പച്ചക്കറിയും വില്‍ക്കാന്‍ സമ്മതിക്കില്ല എന്നാണ് ജില്ലാ ഭരണാധികാരി പറഞ്ഞതെന്ന് കുടുംബശ്രീ അംഗങ്ങള്‍ പരിതപിക്കുന്നു. 30 കുടുംബശ്രീ യുനിറ്റുകളിലെ ഉല്‍പ്പന്നങ്ങളാണ് ഒമ്പതുപേരടങ്ങുന്ന സംഘം കലക്‌ടറേറ്റ് പടിക്കല്‍ വില്‍പ്പന നടത്തുന്നത്. ഇങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണു പലരും ജീവിക്കുന്നതും. കുടുംബശ്രീ മിഷനാണ് ചന്ത നടത്താന്‍ അവസരം നല്‍കിയത്. എം.സി.മോഹന്‍ദാസ് കലക്‌ടറായിരുന്ന കാലത്ത വേണ്ട പ്രോത്സാഹനങ്ങളും നല്‍കി.
കലക്‌ടറേറ്റിനു സമീപത്ത് ജൈവ പച്ചക്കറികള്‍ വില്‍ക്കുന്ന പൂക്കോട്ടൂര്‍ സ്വദേശികളായ തങ്കമ്മുവും ശാന്തയുമാണ് കലക്‌ടറുടെ നിര്‍ദ്ദേശം കൊണ്ട് ഏറെ ദുരുതത്തിലായിരിക്കുന്നത്. നാലുവര്‍ഷം മുമ്പ് കുടുംബശ്രീ മിഷന്‍ സൗജന്യമായി നല്‍കിയ മുറിക്ക് 65,000 രൂപ വാടക കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകായണ്. ക്രിത്രിമ ഫെര്‍ട്ടി ലൈസറുകള്‍ ഉപയോഗിക്കാത്ത പച്ചക്കറികളായതിനാല്‍ പെട്ടന്ന് കേടുവരുന്നതിനാല്‍ നേരത്തെ ഗേറ്റിന് മുമ്പില്‍ വച്ച് വില്‍ക്കാന്‍ ഇവര്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇപ്പോള്‍ കലക്‌ടര്‍ അത് വിലക്കിയിരിക്കുകയാണ്. പുഴക്കാട്ടിരിയിലെ റംല, ആയിശ ഊര്‍ങ്ങാട്ടീരി, കുറ്റിപ്പുറം സ്വദേശി ലത, പെരിന്തല്‍മണ്ണ ഓമന, മക്കരപ്പറമ്പ് സ്വദേശി സുമതി എന്നിവരാണ് ഉപ്പുതൊട്ട് കര്‍പ്പൂരം വരേയുള്ള മായം ചേര്‍ക്കാത്ത നിത്യോപയോഗ സാധനങ്ങളുമായി മാസത്തില്‍ അഞ്ചു ദിവസം ഇവിടെയെത്താറുള്ളത്.
ഇന്നലെ കുടുംബശ്രീ ജില്ലാമിഷന്‍ കോ - ഓഡിനേറ്റര്‍ കലക്‌ടറുമായി ചര്‍ച്ചനടത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് കച്ചവടം ചെയ്യാനാവാതെ അംഗങ്ങള്‍ മടങ്ങി. ജില്ലാഭരണാധികാരിയുടെ വാക്കുകള്‍ ധിക്കരിക്കുന്നില്ലെന്നും അനുഭാവ പൂര്‍ണ്ണമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ എംവാര്‍ത്തയോട് പറഞ്ഞു.







