ന്യൂഡല്‍ഹി: കേരളത്തില്‍ പുതുതായി അനുവദിച്ച പ്ലസ്‌ടു കോഴ്‌സുകളില്‍ അധ്യയനം തുടരാമെന്നു സുപ്രീം കോടതി. എന്നാല്‍, അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കില്‍, ശമ്പളമുള്‍പ്പെടെയുള്ള ചെലവുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വഹിക്കണം. പ്ലസ്‌ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് കേരള െഹെക്കോടതിയിലുള്ള കേസുകള്‍ നാലുമാസത്തിനകം തീര്‍പ്പാക്കണമെന്നും ജസ്‌റ്റിസുമാരായ ദീപക് മിശ്രയും യു.ആര്‍. ലളിതും ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
വിദ്യാര്‍ഥികളുടെ ഭാവി മാത്രം പരിഗണിച്ചുള്ള ഉത്തരവാണിതെന്നും െഹെക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ഇതു പരാമര്‍ശിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്ലസ്‌ടു കോഴ്‌സുകള്‍ അനുവദിച്ച സംസ്‌ഥാനസര്‍ക്കാരിന്റെ നടപടി െഹെക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്മേലുള്ള അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കേയാണ്, ഈവര്‍ഷം പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്‍പതു മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. െഹെക്കോടതി വിധി വരുന്നതുവരെ, വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി പഠനം തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജി. അധ്യയനം തുടരാമെങ്കിലും പുതുതായി നിയമിച്ച അധ്യാപകരുടെ ശമ്പളം മാനേജ്‌മെന്റുകള്‍ നല്‍കണമെന്നാണു സുപ്രീം കോടതി വിധി.
കുട്ടികളുടെ പഠനം നിയമക്കുരുക്കില്‍പെടരുതെന്ന ഒറ്റക്കാരണത്താലാണ് ഈ ഉത്തരവെന്നു ജസ്‌റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. പ്ലസ്‌ടു കോഴ്‌സുകള്‍ അനുവദിച്ചതു മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നായിരുന്നു കേരള െഹെക്കോടതിയുടെ ഉത്തരവ്. ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ ശിപാര്‍ശ ചെയ്യാത്ത സ്‌കൂളുകള്‍ക്കും പ്ലസ്‌ടു കോഴ്‌സുകള്‍ അനുവദിച്ചതിലെ അപാകത ചൂണ്ടിക്കാട്ടിയാണു സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കിയത്. ഇതിനെതിരേ സമര്‍പ്പിച്ച അപ്പീലുകള്‍ െഹെക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.








