ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക കേന്ദ്രങ്ങളില്‍ തീവ്രവാദി ആക്രമണം തുടരുന്നു. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള സൈനിക ബങ്കറിനു നേര്‍ക്കാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു. എട്ട് സൈനികരും രണ്ട് പോലീസുകാരും മൂന്നു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. ബങ്കറിനുള്ളില്‍ മൂന്നു തീവ്രവാദികള്‍ കടന്നുകൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഉറിയിലെ സൈനിക കോട്ടയിലൂടെ അകത്തുകടന്ന തീവ്രവാദികള്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു. നുഴഞ്ഞുകയറ്റത്തിനിടെ തന്നെ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തെ വെട്ടിച്ചു അകത്തുകടന്ന മറ്റു മൂന്നു പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വകവരുത്തിയത്. പ്രദേശം ഒഴിപ്പിച്ച ശേഷം സൈന്യം ബങ്കറിനുള്ളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ പുറത്തുചാടിക്കാനുള്ള ശ്രമം തുടരുകയാണ്.
കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് തീവ്രവാദി ആക്രമണം ശക്തമായത്. ആക്രമണം നടന്ന ഉറി, ബാരാമുള്ള മേഖലകളില്‍ മൂന്നാം ഘട്ടമായി ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച ഇവിടെയെത്താനിരിക്കേയാണ് ആക്രമണം.








