Home » » കണ്ണൂരിലെ പോലീസ്‌ ഇനി കാരുണ്യപോലീസാകുന്നു.

കണ്ണൂരിലെ പോലീസ്‌ ഇനി കാരുണ്യപോലീസാകുന്നു.

Written By Unknown on Saturday, 6 December 2014 | 18:40

കണ്ണൂര്‍:  ജനസേവനത്തിന്‌ പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി കണ്ണൂരിലെ പോലീസിന്റെ അജന്‍ഡയിലേക്ക്‌ എത്തുന്നു. പദ്ധതി നടപ്പിലായാല്‍ നിര്‍ധന രോഗികളില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ച്‌ അതില്‍ നിന്നു തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ സാമ്പത്തിക സഹായം അനുവദിക്കുക, ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കു വിധേയമാകുന്നവര്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും ഭക്ഷണം നല്‍കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ്‌ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്‌.  
കണ്ണൂര്‍ പോലീസ്‌ തുടക്കമിടുന്ന പുതിയ പദ്ധതി പ്രാവര്‍ത്തികമായാല്‍ ജില്ലയിലെ ഓരോ കുടുംബത്തേയും പോലീസ്‌ നിരീക്ഷിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യസ്‌ഥിതിയും സാമ്പത്തികാവസ്‌ഥയുമൊക്കെയാകും നിരീക്ഷിക്കുക. എ.ആര്‍. ക്യാമ്പിലെ പോലീസ്‌ ഉദ്യോഗസ്‌ഥരുമായി സംവദിക്കാനായി ജില്ലാ പോലീസ്‌ മേധാവി വിളിച്ചുചേര്‍ത്ത യോഗത്തിലാണ്‌ ഇത്തരമൊരു ആശയം രൂപപ്പെട്ടത്‌. സംസ്‌ഥാനത്തിന്‌ മൊത്തം മാതൃകയാക്കാവുന്ന ഈ പദ്ധതിക്ക്‌ പോലീസ്‌ മേധാവിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതിനായി ഡി.ജി.പിക്കു കത്തെഴുതി കാത്തിരിക്കുകയാണ്‌ ജില്ലയിലെ പോലീസ്‌ സേനയുടെ തലവന്‍. പദ്ധതിക്കു പുതുമയാര്‍ന്ന പേര്‌ കണ്ടെത്താനുള്ള നിര്‍ദേശവും ജില്ലയിലെ പോലീസുകാര്‍ക്കു നല്‍കിയിട്ടുണ്ട്‌.
ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക്‌ ആവശ്യമായ പണം കണ്ടെത്തുന്നതും പോലീസുകാര്‍ തന്നെ. ശമ്പളത്തില്‍ നിന്ന്‌ 50 രൂപ വീതം പിടിച്ച്‌ പ്രതിമാസം ഒരു ലക്ഷം രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഇതിനായി കണ്ണൂര്‍ ജില്ലയിലെ 36 പോലീസ്‌ സ്‌റ്റേഷനിലേക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എല്ലാ പോലീസുകാര്‍ക്കും ഓഫീസ്‌ ജീവനക്കാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നിര്‍ബന്ധപൂര്‍വം പണം വാങ്ങേണ്ടതില്ലെന്നാണ്‌ തീരുമാനം. 2500 പേരാണ്‌ ഇത്തരത്തില്‍ ജില്ലയിലുള്ളത്‌. ശമ്പളത്തില്‍ പണം പിടിക്കുന്നതില്‍ എതിര്‍പ്പുള്ളവര്‍ ഈ മാസം തന്നെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.
എസ്‌.പി. ഓഫീസില്‍ ലഭിക്കുന്ന അപേക്ഷ പരിശോധിച്ച്‌ സാമ്പത്തിക സഹായത്തിന്‌ യോഗ്യരാണോയെന്ന്‌ അനേ്വഷിച്ചു കണ്ടെത്തേണ്ടത്‌ രഹസ്യാനേ്വഷണ വിഭാഗത്തിന്റെ ചുമതലയാണ്‌. ക്രമസമാധാന പാലനത്തിനൊപ്പം ഇത്തരം പ്രവര്‍ത്തനവും ഇനി പോലീസിന്റെ ജോലിയാകും. പോലീസ്‌ സുപ്രണ്ട്‌ ചെയര്‍മാനും സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. കണ്‍വീനറുമായ സമിതിക്കാകും നടത്തിപ്പ്‌ ചുമതല. പദ്ധതി നടപ്പാക്കാനായി എസ്‌.പി: പി.എന്‍. ഉണ്ണിരാജ ഉന്നത ഉദ്യോഗസ്‌ഥര്‍ അടക്കമുള്ള 15 പേരുടെ യോഗം വിളിച്ച്‌ പദ്ധതിയുടെ പ്രാഥമിക രൂപം തയ്യാറാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.