തലശേരി: ന്യൂമാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാടപ്പീടിക പാര്‍സിക്കുന്നില്‍ അര്‍ധരാത്രിയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാലു ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്. കുനിയില്‍ മഹേഷ് (30), ദീരാഗില്‍ ഷിനോജ് (29), മൊട്ടാരി ആഷിഷ് (32) എന്നിവര്‍ക്കും ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനുമാണു പരുക്കേറ്റത്. ഇതില്‍ മഹേഷിന്റെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. ഇയാളുടെ കൈകാലുകള്‍ ഭാഗികമായി ചിതറിത്തെറിച്ചതായാണു വിവരം. ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്‌ക്കുശേഷം മഹേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മിച്ച ബോംബുകള്‍ മാറ്റിവയ്‌ക്കുന്നതിനിടെയാണു സ്‌ഫോടനമുണ്ടായതെന്നു പോലീസ് പറയുന്നു.
ബോംബ് സ്‌ഫോടനത്തിനു മിനിറ്റുകള്‍ക്കുശേഷം ഇവിടെയത്തിയ പോലീസിനു നേര്‍ക്കും ബോംബേറുണ്ടായി. കെ.എ.പി. ബറ്റാലിയനിലെ സജിനേഷിനു നിസാര പരുക്കേറ്റു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ഈ പ്രദേശത്തു ക്യാമ്പ് ചെയ്യുന്ന പോലീസ് സംഘത്തിലെ സിവില്‍ പോലീസ് ഓഫീസറാണ് സജിനേഷ്. സി.പി.എം. ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പാര്‍സിക്കുന്നിനടുത്തു ബാന്‍ഡ് സെറ്റ് വളണ്ടിയര്‍ പരിശിലനം നടത്തിയിരുന്നു.
ഇതിനെതിരേ ആര്‍.എസ്.എസ്. -ബി.ജെ.പി. പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. ഇതിന്റെ പേരില്‍ സംഘര്‍ഷാവസ്‌ഥയും ഉടലെടുത്തു. തുടര്‍ന്നാണ് ഇവിടെ പോലീസ് ക്യാമ്പ് ഏര്‍പ്പെടുത്തിയത്. അര്‍ധരാത്രിയില്‍ രണ്ടുപേര്‍ റോഡ് മുറിച്ചു കടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടി പോലീസുകാര്‍ ഇവരെ നിരീക്ഷിച്ചു പിന്‍തുടരുന്നതിനിടയിലാണ് ഇരുട്ടില്‍നിന്ന് ബോബേറ് ഉണ്ടായത്.







