ആലപ്പുഴ: ബീച്ചില്‍ നടത്താനിരുന്ന ചുംബനസമരം പോലീസ് തടഞ്ഞു. സമരക്കാര്‍ വേദിമാറ്റി ചുംബനസമരം നടത്തി. ബീച്ചില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ മാറി കിടങ്ങാംപറമ്പ് ക്ഷേത്രത്തിനു സമീപം പൊതുനിരത്തിലാണു സമരക്കാര്‍ ചുംബിച്ചത്. ഉച്ചയ്‌ക്കു രണ്ടോടെ ആലപ്പുഴ ബീച്ചില്‍ സമരം നടത്തുമെന്നാണു സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പോലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ അത് ഇല്ലാതായി. സമരത്തിനായി വാഹനങ്ങളിലെത്തിയ പ്രവര്‍ത്തകരെ ബീച്ചിന് ഒരു കിലോമീറ്റര്‍ അകലെവച്ച്, വഴികാട്ടിത്തരാമെന്നും സമരം നടത്താന്‍ സംരക്ഷണം നല്‍കാമെന്നും പറഞ്ഞു പോലീസുകാര്‍ പോലീസ്‌വാനില്‍ കയറ്റി. നഗരപരിധി കഴിഞ്ഞ് അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചപ്പോഴാണു തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ മനസിലാക്കിയത്.
അമ്പലപ്പുഴ സ്‌റ്റേഷനിലേക്കു മാറ്റിയ സമരക്കാര്‍ സ്‌റ്റേഷനില്‍ ചുംബിച്ചും നാടന്‍പാട്ടുപാടിയും തിരുവാതിരകളിച്ചും പ്രതിഷേധിച്ചു. പോലീസിന്റെ പിടിയില്‍പ്പെടാതിരുന്ന ഒരു സംഘം സമരക്കാര്‍ വൈകിട്ടു നാലോടെ ഒത്തുകൂടി കിടങ്ങാംപറമ്പില്‍ ചുംബനസമരം നടത്തുകയായിരുന്നു. സ്‌ത്രീകളുള്‍പ്പടെ പതിനഞ്ചോളം പേരാണ് അവിടെയുണ്ടായിരുന്നത്. അവരെയും പിന്നീടു പോലീസ് കസ്‌റ്റഡിയിലെടുത്തു. ഞായറാഴ്‌ച രാവിലെ മുതല്‍ മുസ്ലീം യൂത്ത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കരി ഓയിലുമായാണു സമരത്തെ എതിര്‍ക്കുന്നവരില്‍ പലരും ബീച്ചിലെത്തിയത്. സമരക്കാര്‍ക്കു സമരം നടത്തുന്നതിനും പ്രതിഷേധിക്കേണ്ടവര്‍ക്ക് അതിനും അനുവാദം നല്‍കുമെന്നാണു പോലീസ് മുമ്പു പറഞ്ഞിരുന്നത്. എന്നാല്‍, സുരക്ഷിതത്വത്തെ കരുതിയാണു സമരക്കാരെ കസ്‌റ്റഡിയിലെടുത്തതെന്ന് ഐ.ജി. അജിത്‌കുമാര്‍ പറഞ്ഞു








